പാലക്കാട് :- ഒറ്റപ്പാലം പഴയ ലക്കിടിയിൽ അംഗൻവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിക്കാൻ ശ്രമം. ഉച്ചയ്ക്ക് ഒന്നരയോടെ പഴയലക്കിടി പതിനാലാം നമ്പർ അങ്കണവാടിയിലാണ് സംഭവം. അങ്കണവാടി ടീച്ചർ കൃഷ്ണകുമാരിയുടെ കഴുത്തിലെ മൂന്നര പവനോളം തൂക്കം വരുന്ന സ്വർണമാല മോഷ്ടിക്കാനായിരുന്നു ശ്രമം. ടീച്ചർ ബഹളം വെച്ചപ്പോൾ മോഷ്ടാവ് മാല ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കുട്ടിയെ അങ്കണവാടിയിൽ ചേർക്കാനെന്ന് പറഞ്ഞാണ് ഇയാളെത്തിയതെന്ന് ടീച്ചർ പറഞ്ഞു.
‘’ഉച്ചയ്ക്ക് ഒന്നരയാകുന്ന സമയത്താണ് സംഭവം. ഞാനിവിടെ വാടകയ്ക്ക് താമസിക്കുകയാണ്. എനിക്ക് അങ്കണവാടിയിൽ പഠിക്കുന്ന ഒരു കുട്ടിയുണ്ട്. ഭാര്യ ഗർഭിണിയാണ്. ഇവിടെ ചേർക്കണമെന്ന് പറഞ്ഞാണ് അയാളെത്തിയത്. സർവേ ബുക്കിലെഴുതട്ടെ, നാളെ വരുമ്പോൾ ആധാർ കൊണ്ടുവരണമെന്ന് പറഞ്ഞു. ഞാൻ ബുക്കെടുത്ത് എഴുതാൻ നിന്നപ്പോളാണ് അയാൾ മുളകുപൊടിയെടുത്ത് എന്റെ മുഖത്തേക്ക് എറിഞ്ഞത്. എന്റെ മാല പൊട്ടിക്കാൻ നോക്കി. ഞാൻ മാലയുടെ രണ്ട് ഭാഗത്തും പിടിച്ചു. അതുകൊണ്ട് അയാൾക്ക് പൊട്ടിച്ചുകൊണ്ട് ഓടാൻ പറ്റിയില്ല. ഞാൻ കള്ളനെന്ന് വിളിച്ച് ബഹളം വെച്ചപ്പോൾ അയാൾ ഓടിരക്ഷപ്പെട്ടു.'' സംഭവത്തെക്കുറിച്ച് കൃഷ്ണകുമാരി ടീച്ചർ പറയുന്നതിങ്ങനെയാണ്.
സംഭവത്തിൽ ടീച്ചറുടെ മൊഴി രേഖപ്പെടുത്തി വിശദമായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. അതേ സമയം ഇയാളെ ഇവിടെയെങ്ങും കണ്ടിട്ടില്ലെന്ന് നാട്ടുകാരും ടീച്ചറും പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് വ്യക്തമാക്കി.