ഇന്ത്യന്‍ ഭക്ഷണ പാരമ്പര്യം ബഹിരാകാശത്ത് ; ബഹിരാകാശ നിലയത്തിൽ നിന്നും സുഹൃത്തുക്കളുമായി ക്യാരറ്റ് ഹൽവ പങ്കിട്ട് കഴിച്ച് ശുഭാംശു


ഐഎസ്എസ് :- സുനിത വില്യംസിന് ശേഷം ബഹിരാകാശത്ത് ഇന്ത്യന്‍ ഭക്ഷണ പാരമ്പര്യം അറിയിച്ച് ആക്സിയം 4 ദൗത്യത്തിലുള്ള വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) വച്ച് ക്യാരറ്റ് ഹൽവ കഴിച്ച ശുഭാംശു, അത് തന്‍റെ സുഹൃത്തുക്കള്‍ക്കായി പങ്കിടുകയും ചെയ്തു. ശുഭാംശു ശുക്ല അടക്കമുള്ള 11 ഐഎസ്എസ് ഗവേഷകര്‍ വ്യത്യസ്ത ഭക്ഷണവിഭവങ്ങള്‍ പങ്കിടുന്നതിന്‍റെ ചിത്രങ്ങള്‍ നാസയുടെ ബഹിരാകാശ സഞ്ചാരിയായ ജോണി കിം എക്‌സില്‍ പങ്കുവെച്ചു.

ഐഎസ്എസിലെ ഇന്ത്യന്‍ രുചിമേളം

മാനവികതയുടെ വളര്‍ച്ചയ്ക്ക് ശാസ്ത്രലോകം നല്‍കിയ വലിയ സംഭാവനകളിലൊന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. 400 കിലോമീറ്ററിലധികം അകലത്തിലൂടെ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന നിലയത്തില്‍ നിലവില്‍ ഗവേഷകരായ 11 സഞ്ചാരികളാണ് കഴിയുന്നത്. അവരുടെ ഓര്‍മ്മകള്‍ക്ക് മധുരമേകി ലോകത്തിന്‍റെ രുചിവൈവിധ്യങ്ങള്‍ തീന്‍മേശയിലെത്തി. ആക്സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി ഐഎസ്എസിലെത്തിയ ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഹല്‍വ രുചിച്ചു, മറ്റുള്ളവര്‍ക്കായി ഹല്‍ഹ പങ്കിടുകയും ചെയ്തു. ഇന്ത്യന്‍ ഭക്ഷണവിഭവങ്ങളുടെ വിശേഷങ്ങള്‍ ശുഭാംശു പങ്കിട്ടിട്ടുണ്ടാവാം എന്നുറപ്പ്. നിലയത്തിലെ മറ്റ് സഞ്ചാരികളുടെ അവരവരുടെ ഭക്ഷണസംസ്‌കാരം സഹപ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തി.

ഭൂമിയിലെ പോലെ അന്താരാഷ്ട്ര ബഹിരാകാശ നിലയവും വ്യത്യസ്‌തതകളുടെ കൂടിച്ചേരലാണ്, രാജ്യങ്ങളുടെയോ മറ്റോ അതിര്‍വരമ്പുകള്‍ അവിടെയില്ല എന്നോര്‍മ്മിപ്പിക്കുന്നു നാസയുടെ ബഹിരാകാശ സഞ്ചാരിയായ ജോണി കിം. ‘ഈ ദൗത്യത്തിൽ എന്‍റെ മനസ് തൊട്ടറിഞ്ഞ മറക്കാനാവാത്ത വൈകുന്നേരങ്ങളിലൊന്നാണിത്, ഐഎസ്എസിലെ പുതിയ സുഹൃത്തുക്കളായ ആക്‌സിയം 4 ദൗത്യസംഘത്തിനൊപ്പം ഭക്ഷണം പങ്കിട്ടു. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ ബഹിരാകാശത്ത് മനുഷ്യരാശിയെ പ്രതിനിധീകരിക്കാൻ എങ്ങനെ ഒത്തുചേരുന്നുവെന്ന് കഥകൾ കൈമാറി ഞങ്ങള്‍ ആശ്ചര്യംകൊണ്ടു’- എന്നാണ് ജോണി കിമ്മിന്‍റെ വാക്കുകള്‍.




Previous Post Next Post