മലപ്പുറം :- അടുത്ത വർഷത്തെ ഹജ്ജിന് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കാനിരിക്കെ യാത്രയ്ക്ക് കോഴിക്കോട് വിമാനത്താവളം തിരഞ്ഞെടുത്തത് ആകെ അപേക്ഷകരുടെ പത്തിലൊന്ന് മാത്രം. ഇന്നലെ വരെ ലഭിച്ച 23,630 അപേക്ഷകളിൽ കോഴിക്കോട് തിരഞ്ഞെടുത്തത് 1628 പേർ മാത്രം. കേരളത്തിലെ ആദ്യത്തെ ഹജ് എംബാർക്കേഷൻ പോയിന്റായ കോഴിക്കോടു വഴി പോകാൻ ഇത്രയും അപേക്ഷകർ കുറയുന്നതു ചരിത്രത്തിലാദ്യം. കൊച്ചി, കണ്ണൂർ എന്നിവയാണു സംസ്ഥാനത്തെ മറ്റു 2 എംബാർക്കേഷൻ പോയിന്റുകൾ. കഴിഞ്ഞ 2 തവണയും ഈ രണ്ടു കേന്ദ്രങ്ങളെ അപേക്ഷിച്ചു കൂടിയ വിമാന ടിക്കറ്റ് നൽകേണ്ടി വന്നതാണു കോഴിക്കോടിനെ കൈവിടാൻ അപേക്ഷകരെ നിർബന്ധിതരാക്കുന്നത്.
സൗദി എയർ ലൈൻസിൻ്റെ ഇടത്തരം വിമാനം ഡിസംബറിൽ കോഴിക്കോട്-റിയാദ് സെക്ടടറിൽ സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം ഈ മേഖലയിൽ നിന്നുള്ള തീർഥാടകർക്കു പ്രതീക്ഷ നൽകുന്നതാണ്. റെസ വികസനം നടക്കുന്നതിനാൽ വലിയ വിമാനങ്ങൾക്ക് അനുമതിയില്ലാത്തതാണ് കോഴിക്കോടിന് തടസ്സമാകുന്നത്. കഴിഞ്ഞ വർഷം സൗദി എയർലൈൻസ്, സ്പൈസ് ജെറ്റ്, ഫ്ലൈനാസ്, എയർ ഇന്ത്യ എക്‌സ്പ്രസ് കമ്പനികളാണ് കേരളത്തിൽ നിന്നുള്ള സർവീസിനായി രംഗത്തുണ്ടായിരുന്നത്. കണ്ണൂരിലും കൊച്ചിയിലും ഒന്നിലധികം കമ്പനികൾ ടെൻ - ഡറിൽ പങ്കെടുത്തു. കോഴിക്കോട്ട് എയർ ഇന്ത്യ എക്സ്‌പ്രസ് മാത്രമാണ് രംഗത്തുണ്ടായിരുന്നത്. അതിനാൽ, കൊച്ചി, കണ്ണൂർ എന്നിവയെ അപേക്ഷിച്ച് കോഴിക്കോട്ടുനിന്ന് വിമാന ടിക്കറ്റ് നിരക്ക് 41,000 രൂപ കൂടുതലായിരുന്നു. 2024ലും സമാനമായിരുന്നു സ്ഥിതി.
സൗദി എയർലൈൻസിന്റെ 180 സീറ്റുകളുള്ള ഇടത്തരം വിമാനം ഡിസംബർ മുതൽ കോഴിക്കോട്-റിയാദ് സെക്‌ടറിൽ സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വാഭാവികമായി ഹജ് ടെൻഡറിലും അവർ പങ്കെടുക്കും. മത്സരം വരുന്നതോടെ നിരക്ക് കുറയും. വിമാനങ്ങൾക്ക് ടെൻഡർ നൽകിയ ശേഷം എംബാർക്കേഷൻ പോയിൻ്റ് തിരഞ്ഞെടുക്കാൻ തീർഥാടകർക്ക് അവസരം നൽകണമെന്ന് കഴിഞ്ഞ ദിവസം ഹജ് ഹൗസ് സന്ദർശിച്ച കേന്ദ്ര ഹജ് കമ്മിറ്റി സിഇഒ സി.ഷാനവാസിനോട് സംസ്‌ഥാന ഹജ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ആവശ്യം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. അങ്ങനെ ലഭിച്ചാൽ മറ്റ് എംബാർക്കേഷൻ പോയിന്റുകൾ തിരഞ്ഞെടുത്ത തീർഥാടകർക്ക് കോഴിക്കോട്ടേക്കു മാറാൻ അവസരം ലഭിക്കും. മറ്റിടങ്ങളിൽ നിന്ന് തീർഥാടകരുടെ എണ്ണം കുറയുമെന്നതിനാൽ അവിടെ നിന്ന് കരാർ ലഭിക്കുന്ന കമ്പനികൾ ഇതിന് വഴങ്ങുമോയെന്നതിൽ വ്യക്‌തതയില്ല.