ഹജ്ജ് അപേക്ഷകർ കൂടി, ഇത്തവണ അപേക്ഷിച്ചവർ കാൽലക്ഷം കവിഞ്ഞു, നറുക്കെടുപ്പ് ആഗസ്ത് 12 ന്


മലപ്പുറം :- ഹജ് കമ്മിറ്റി വഴി അടുത്ത വർഷത്തെ ഹജ്ജിനു പോകാൻ അപേക്ഷിച്ചവരുടെ എണ്ണത്തിൽ വർധന. കാൽ ലക്ഷത്തിലേറെ പേരാണ് ഇത്തവണ ഹജ് കമ്മിറ്റി വഴി അപേക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം ഇത് 20,636 ആയിരുന്നു. സ്വകാര്യ ഹജ് ഗ്രൂപ്പുകൾ വഴി അപേക്ഷിച്ചവരിൽ നല്ലൊരു ശതമാനം പേർക്കും ഈ വർഷം സാങ്കേതിക കാരണങ്ങളാൽ ഹജ്‌ജിനു പോകാൻ കഴിഞ്ഞിരുന്നില്ല. ഇത് ഹജ് കമ്മിറ്റി വഴിയുള്ള അപേക്ഷകരുടെ എണ്ണം കൂടാൻ കാരണമായി. ഹജ് കമ്മിറ്റി പുതുതായി തുടങ്ങിയ ഹ്രസ്വ പാക്കേജും തീർഥാടകരെ ആകർഷിച്ചിട്ടുണ്ട്. ഇന്നലെ അർധരാത്രിയാണ് അപേക്ഷിക്കാനുള്ള സമയം അവസാനിച്ചത്.

കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് കേരളത്തിലെ  എംബാർക്കേഷൻ പോയിന്റുകൾ. ഏറ്റവും കൂടുതൽ പേർ അപേക്ഷിച്ചിരിക്കുന്നത് കൊച്ചി വഴിയാണ്. കോഴിക്കോടു വഴി പോകാൻ അപേക്ഷിച്ചത് രണ്ടായിരത്തിൽ താഴെ ആളുകൾ മാത്രം. ഈ മാസം 12നാണ് നറുക്കെടുപ്പ്. 350 ഹെൽപ് ഡെസ്‌കുകൾ സംസ്‌ഥാനത്ത് സജ്‌ജമായി. ട്രെയിനർമാർ, അക്ഷയ, സിഎസ്‌സി എന്നിവ മുഖേനയാണ് ഇവ പ്രവർത്തിക്കുന്നത്.

Previous Post Next Post