കണ്ണൂർ :- ഇടവേളയ്ക്കുശേഷം ട്രെയിനിൽ ഭിക്ഷാടന മാഫിയയുടെ ശല്യം. യാത്രക്കാരെ അലോസരപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പണം വാങ്ങുന്നു. സ്ത്രീകളും കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനവും രൂക്ഷമാണ്. റെയിൽവേ സുരക്ഷാസേനാ ഉദ്യോഗസ്ഥർ ഇവരെക്കണ്ടാലും കണ്ടമട്ട് നടിക്കുന്നില്ലെന്നും പരാതിയുണ്ട്. വ്യാജരേഖ ചമച്ചു യാത്രക്കാരിൽ നിന്നു ചികിത്സാ സഹായം തേടിയുള്ള തട്ടിപ്പുമുണ്ട്. തെക്കൻ കേരളത്തിൽ വ്യാജരേഖ ചമച്ചു ട്രെയിനിൽ യാത്രക്കാരിൽ നിന്നു പണം തട്ടിയ യുവതി റെയിൽവേ പൊലീസിന്റെ പിടിയിലായതോടെയാണ് ഇത്തരം തട്ടിപ്പ് നടത്തുന്ന സംഘം വടക്കൻ കേരളത്തിലെ ട്രെയിനുകളിലേക്കു കൂടുമാറിയത്. ഭാഗ്യ എന്ന യുവതിയാണ് പിടിയിലായത്.
ഭാഗ്യ ട്രെയിനിൽ വിതരണം ചെയ്തിരുന്ന കാർഡിലെ വിവരങ്ങളിങ്ങനെ ;
'പിതാവ് കാൻസർ രോഗിയാണ്. കുടുംബത്തിൽ 3 പെൺകുട്ടികളും പഠിക്കുന്ന ഒരാൺകുട്ടിയുമുണ്ട്. പിതാവു കൂ ലിപ്പണിയെടുത്താണു പരിപാലി ച്ചിരുന്നത്. അമ്മയ്ക്കു മാനസിക പ്രശ്നം കാരണം ജോലി ചെയ്യാൻ കഴിയില്ല. സഹായം നൽകി കുടും ബത്തെ സംരക്ഷിക്കണം'.
വിതരണം ചെയ്ത കാർഡിൽ ജ്യോതിയെന്ന വ്യാജപ്പേരാണ് ഉപയോഗിച്ചിരുന്നത്. റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പേര് ഭാഗ്യയെന്നാണെന്നും മാതാപിതാക്കൾ വർഷങ്ങൾക്ക് മുൻപ് മരിച്ചെന്നും കണ്ടെത്തി. ആഴ്ചയിൽ ആഴ്ചയിൽ 20,000 മുതൽ 40,000 രൂപ വരെ പിരിച്ചെടുക്കുമായിരുന്നുവെന്നായിരുന്നു പൊലീസിൻ്റെ അന്വേഷണത്തിൽ വ്യക്തമായത്. പൊലീസ് അന്വേഷണം ഇത്തരം ഭിക്ഷാടക സംഘത്തിലേക്ക് നീങ്ങുന്നുവെന്നു മനസ്സിലായതോടെയാണു മംഗളൂരുവിനും കണ്ണൂരിനും ഇടയിലും കണ്ണൂരിനും കോഴിക്കോടിനും ഇടയിൽ ഓടുന്ന ട്രെയിനുകളിലേക്കു ഭിക്ഷാടനമാഫിയാ സംഘം മാറിയത്.-
ഇതരസംസ്ഥാന ഭിക്ഷാടന മാഫിയയ്ക്കു സഹായമൊരുക്കുന്നതു ചില മലയാളികൾ തന്നെയെന്നാണു വിവരം. നാണയത്തുട്ടുകൾ നോട്ടുകളായി മാറ്റിയെടുക്കുന്നതു മുതൽ താമസസൗകര്യം ഒരുക്കിനൽകുന്നതിൽ വരെ ഇവരെ ചിലർ അകമഴിഞ്ഞു സഹായിക്കുന്നുണ്ട്. ഇതരസംസ്ഥാന ഭിക്ഷാടന മാഫിയ ട്രെയിനിൽ പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങളും ധാരാളം.
പ്രതിദിനം 1000 രൂപ വരെ ഒരു യാചകൻ സമ്പാദിക്കുന്നതായാണു കണക്ക്. പലരും പണിയെടുക്കുന്നതു ദിവസക്കൂലിക്കാണ്. നിശ്ചയിച്ച പണം സമാഹരിക്കാൻ കഴിയാതെ വരുന്നതു വരുമാനത്തെ ബാധിക്കുമെന്നതിനാൽ തങ്ങൾ നിൽക്കുന്ന കംപാർട്മെൻ്റിലോ പ്ലാറ്റ്ഫോമിലോ മറ്റു യാചകർ എത്തിയാൽ പരസ്പരം തെറിയഭിഷേകമായിരിക്കും.