തിരുവനന്തപുരം :- ഓണാഘോഷങ്ങളിൽ നിന്ന് ഒരു വിഭാഗം കുട്ടികളെ ഒഴിവാക്കാനുള്ള ശ്രമത്തിനെതിരെ വിമർശനവുമായി മന്ത്രി വി ശിവൻ കുട്ടി. ഇത് വളരെ ഗുരുതരമായ പ്രശ്നമാണെന്നും ജാതിയും മതവും നോക്കിയല്ല കുട്ടികളെ പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എല്ലാ ആഘോഷങ്ങളും അവർക്ക് സന്തോഷിക്കാനുള്ള അവസരമാണ്. കുട്ടികളുടെ മനസ്സിൽ വേർതിരിവുകൾ ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്കൂളുകളിലെ യാതൊരു വേർതിരുവുകളും അനുവദിക്കില്ല. വിഷയത്തെ സർക്കാർ ഗൗരവത്തോടെ കാണുന്നു. തൃശൂർ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ സ്‌കൂളിൽ ഓണാഘോഷം നടക്കുമ്പോൾ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളിൽ കാണും. വിഷയവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരെ സ്‌കൂളിൽനിന്ന് സസ്പെൻഡ് ചെയ്‌തിട്ടുണ്ട്. പ്രീ പ്രൈമറി വിഭാഗത്തിലെ രണ്ട് അധ്യാപകരെയാണ് സസ്പെൻഡ് ചെയ്‌തത്. ഓണാവധിയിൽ വ്യത്യാസമില്ലെന്നും പുറത്തിറങ്ങിയ അക്കാദമിക് കലണ്ടർ പ്രകാരം കാര്യങ്ങൾ മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.
തൃശൂർ കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയാണ് ഓണാഘോഷം വേണ്ടെന്ന് രക്ഷിതാക്കളോട് പറഞ്ഞത്. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നാണ് രക്ഷിതാക്കൾക്കയച്ച ഓഡിയോ സന്ദേശത്തിൽ അധ്യാപിക പറയുന്നത്. തുടർന്ന് ഡിവൈഎഫ്ഐ കുന്നംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു.