കൽപ്പറ്റ :- താമരശ്ശേരി ചുരത്തിൽ (വയനാട് ചുരം) വീണ്ടും മണ്ണിടിച്ചിൽ. ഇന്നലെ രാത്രി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞത്. നേരിയ തോതിലാണ് മണ്ണിടിഞ്ഞതെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിക്ക് ഇത് വെല്ലുവിളിയായി മാറുകയാണ്. വീണ്ടും ഇടിഞ്ഞതോടെ ചുരം ഗതാഗത യോഗ്യമാക്കുന്നത് ഇനിയും വൈകുമെന്നാണ് വിവരം. പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയാകുകയാണ്. ചുരത്തിൽ മണ്ണിടിഞ്ഞ ഭാഗത്ത് കനത്ത കോട മഞ്ഞാണുള്ളത്. ഇപ്പോഴും ചുരത്തിലൂടെ പോകുന്നതിനായി ലക്കിടി ഭാഗത്തടക്കം നിരവധി വാഹനങ്ങളാണ് കാത്തുകിടക്കുന്നത്.
നിലവിൽ മണ്ണിടിഞ്ഞ ഭാഗത്തെ റോഡിലേക്ക് പതിക്കാൻ സാധ്യതയുള്ള അടർന്നുനിൽക്കുന്ന പാറക്ഷണങ്ങളും മണ്ണും ഫയർഫോഴ്‌സ് വെള്ളം അടിച്ച് താഴേക്ക് എത്തിക്കുകയാണ്. ഇനിയും പാറക്ഷണങ്ങൾ താഴേക്ക് വീഴാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് വെള്ളം പമ്പ് ചെയ്യുന്നത്. 20 മണിക്കൂറിലധികമായി താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിലച്ചിരിക്കുകയാണ്. മണ്ണും കല്ലും മാറ്റുന്നതിന് വേഗതയില്ലെന്നാണ് ഉയരുന്ന വിമർശനം. വൈത്തിരിയിൽ രാവിലെ മുതൽ കാത്തുനിൽക്കുന്നത് നിരവധിപേരാണ്. രണ്ടോ മൂന്നോ വാഹനങ്ങൾ മാത്രം ഉപയോഗിച്ചാണ് ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. നേരത്തെ ഉച്ചയോടെ ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാമെന്നായിരുന്നു കണക്കുക്കൂട്ടിയിരുന്നത്. പാറയും മണ്ണും നീക്കം ചെയ്‌തശേഷം സുരക്ഷാ പരിശോധന കൂടി പൂർത്തിയാക്കിയശേഷം 5 മാത്രമായിരിക്കും ഗതാഗതം പുനസ്ഥാപിക്കുകയുള്ളുവെന്ന് വയനാട് ജില്ലാ കളക്ടർ അറിയിച്ചു
മണ്ണിടിഞ്ഞ സ്ഥലത്ത് വനംവകുപ്പ് തെർമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി. ജിയോളജിസ്റ്റ്, ദേശീയപാത അതോറിറ്റി അധികൃതരും പരിശോധന നടത്തി. ജിയോളജിസ്റ്റ്, ദേശീയപാത അതോറിറ്റി അധികൃതരും മലയുടെ മുകളിൽ പരിശോധന നടത്തി. നിലവിൽ ആംബുലൻസ് പോലുള്ള ആശുപത്രി ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ മാത്രമേ കടത്തിവിടുന്നുള്ളു. ഇന്നലെ വൈകിട്ട് 7. 10 ഓടുകൂടിയാണ് ഒമ്പതാം വളവിലെ വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞുവീണത്. സാവധാനമാണ് മണ്ണിടിച്ചിലുണ്ടായത് എന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്.കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് നിഗമനം.
ഗതാഗത കുരുക്കിനെ തുടർന്ന് അടിവാരത്തു നിന്നും ചുരത്തിലേക്ക് വാഹനങ്ങൾ കടത്തി വിടുന്നത് ആദ്യം നിർത്തി. വയനാട്ടിലേക് പോകേണ്ട വാഹനങ്ങൾ കുറ്റ്യാടി ചുരം വഴി പോകണമെന്ന് പൊലീസ് നിർദേശം നൽകി. തുടർന്ന് കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ജില്ലാകളക്ടർ ഗതാഗതത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തുകയായിരുന്നു.