സപ്ലൈക്കോയിൽ വെളിച്ചെണ്ണയ്ക്ക് സബ്സിഡി അര ലിറ്ററിന് മാത്രം, ഒരു ലിറ്ററായെ ലഭിക്കൂ


തിരുവനന്തപുരം :- സപ്ലൈകോയിൽ ഒരു ലിറ്റർ സബ്സിഡി വെളിച്ചെണ്ണ വിൽക്കുമെന്നാണു സർക്കാർ പ്രചാരണമെങ്കിലും സബ്സിഡി അര ലീറ്ററിനു മാത്രം. എന്നാൽ, അര ലീറ്റർ മാത്രമായി വെളിച്ചെണ്ണ വർഷങ്ങളായി നൽകുന്നുമില്ല. സബ്‌സിഡി വെളിച്ചെണ്ണ ലീറ്ററിന് 349 രൂപയ്ക്കും അര ലീറ്റർ 179 രൂപയ്ക്കും നൽകുമെന്നായിരുന്നു മന്ത്രി ജി.ആർ അനിലിന്റെ പ്രഖ്യാപനം. സബ്‌സിഡി ഇല്ലാത്ത വെളിച്ചെണ്ണ ലീറ്ററിന് 429 രൂപയ്ക്കും അര ലീറ്റർ 219 രൂപയ്ക്കും നൽകുമെന്നും അറിയിച്ചു. 

ജൂലൈയിൽ ഒരു ലീറ്റർ വെളിച്ചെണ്ണ സപ്ലൈകോ വിൽപന നടത്തിയത് 327 രൂപയ്ക്കാണ്. ഇതിൽ എല്ലാ കാലത്തെയും പോലെ അര ലീറ്ററിനു മാത്രമായിരുന്നു സബ്‌സിഡി. ഇതേ കവറിലെ ബാക്കി അര ലീറ്റർ വെളിച്ചെണ്ണ സബ്‌സിഡി ഇല്ലാതെ വാങ്ങിയാലേ ഉപഭോക്താവിന് സബ്‌സിഡിയുടെ ഗുണം കിട്ടു എന്നർഥം. സബ്‌സിഡി ഇല്ലാത്ത അര ലീറ്റർ മാത്രമായി ഉപഭോക്താവിനു കിട്ടില്ല. സബ്‌സിഡിയായി നൽകുന്ന വെളിച്ചെണ്ണയുടെ അളവ് കൂട്ടിയതായി ഇതുവരെ അറിയിപ്പില്ല. അര ലീറ്ററിന്റെ സബ്സിഡി വില 75 രൂപയായിരുന്നത് 140 രൂപയായി കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. ഓണക്കാലത്തേക്കുള്ള പുതിയ സ്റ്റോക്ക് സപ്ലൈകോയിൽ അടുത്തയാഴ്‌ച എത്തുമെന്നാണു പ്രതീക്ഷ.

Previous Post Next Post