പാലക്കാട് :- വെളിച്ചെണ്ണയുടെ വില കുതിച്ചുയർന്നതോടെ ആയുർവേദ മേഖല പ്രതിസന്ധിയിലായി. മരുന്നുവില 15 - 20% വർധിപ്പിച്ചെങ്കിലും ഇനിയും കൂട്ടേണ്ട അവസ്ഥയിലാണെന്നു നിർമാതാക്കൾ പറയുന്നു. ഒരു വർഷം 4,000 കോടിയോളം രൂപയുടെ വിറ്റുവരവാണ് ആയുർവേദ മരുന്നു നിർമാണ മേഖലയിലുള്ളത്. വലുതും ചെറുതുമായ എണ്ണൂറോളം ആയുർവേദ മരുന്നു നിർമാണക്കമ്പനികൾ കേരളത്തിലുണ്ട്. 30% മരുന്നുകൾക്കും വെളിച്ചെണ്ണ നിർബന്ധമാണ്. ഏതാണ്ട് 12,000 ടണ്ണോളം വെളി ച്ചെണ്ണ ആയുർവേദ മരുന്നു നിർ മാണത്തിനു മാത്രം വേണം. മുറിവെണ്ണ പോലെയുള്ളവയ്ക്കു ശുദ്ധമായ വെളിച്ചെണ്ണ മാത്രമാണ് ഉപയോഗിക്കുന്നത്.
കഴിഞ്ഞ വർഷം 160 രൂപയ്ക്ക് വാങ്ങിയിരുന്ന വെളിച്ചെണ്ണയ്ക്ക് ഇപ്പോൾ ലീറ്ററിനു 450 രൂപയോളമായി. 450 മില്ലിലീറ്റർ മുറിവെണ്ണ നിർമിക്കുന്നതിന് 225 രൂപയോളം രൂപ വെളിച്ചെണ്ണയ്ക്കു തന്നെ മുടക്കണമെന്നായി. പല മരുന്നുകളുടെയും അവസ്‌ഥ ഇതാണെന്നതിനാൽ പലരും ഉൽപാദനം വെട്ടിക്കുറച്ചു. നേരത്തെ എള്ളണ്ണയാണു തൈലങ്ങൾക്കും മറ്റു ഉപയോഗിച്ചിരുന്നത്. എന്നാൽ, പിന്നീട് വെളിച്ചെണ്ണ അടിസ്‌ഥാനമാക്കിയുള്ളവ വ്യാപകമായത് നാളികേര കർഷകർക്കു വലിയ ആശ്വാസമായിരുന്നു.