വാട്‌സ്ആപ്പില്‍ മെസേജ് അയക്കാന്‍ ഇനി വാട്‌സ്ആപ്പ് വേണ്ട ; പുതിയ ഫീച്ചര്‍ വരുന്നു


ഉപയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി വാട്‌സ്ആപ്പ് കൊണ്ടുവരാന്‍ പോകുന്ന ഫീച്ചറാണ് ഗസ്റ്റ് ചാറ്റ്. വാട്‌സ്ആപ്പ് ഉപയോഗിക്കാത്ത ആളുകള്‍ക്കും സന്ദേശം അയക്കാന്‍ സഹായിക്കുന്ന ഫീച്ചറാണിത്. വാട്‌സ്ആപ്പ് നെറ്റ്വര്‍ക്കിന് പുറത്തുള്ള മറ്റുള്ളവരുമായി ആശയവിനിമയം നടത്താന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇത് സഹായകരമാകും. ഈ ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. വാട്‌സ്ആപ്പ് ഉടന്‍ തന്നെ ഇതിന്റെ ബീറ്റ വേര്‍ഷന്‍ പുറത്തിറക്കുമെന്ന് കരുതുന്നു. തുടര്‍ന്ന് ഭാവിയില്‍ വിപുലമായ രീതിയില്‍ പുതിയ അപ്‌ഡേറ്റായി ഇതിനെ കൊണ്ടുവരാനാണ് വാട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്.

ആപ്പ് ഇല്ലാത്ത ഒരാള്‍ക്ക് ലിങ്ക് അയച്ചു കൊടുത്ത് ആശയവിനിമയം നടത്തുന്നതാണ് രീതി. ആപ്പ് ഉപയോഗിക്കാത്ത ആളെ ലിങ്ക് വഴി ക്ഷണിച്ച് ആശയവിനിമയം നടത്തുന്ന രീതിയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ക്ഷണിക്കപ്പെട്ട വ്യക്തി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ അക്കൗണ്ട് സൃഷ്ടിക്കുകയോ ചെയ്യേണ്ടതില്ല. അവര്‍ ചെയ്യേണ്ടത് അവരുടെ ബ്രൗസറില്‍ ലിങ്ക് തുറന്ന് ചാറ്റ് ആരംഭിക്കുക എന്നത് മാത്രമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വാട്‌സ്ആപ്പ് വെബിന് സമാനമായ ഒരു വെബ് അധിഷ്ഠിത ഇന്റര്‍ഫേസിലൂടെ ഈ സജ്ജീകരണം പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗസ്റ്റ് ചാറ്റില്‍ മീഡിയ ഷെയറിങ് നടക്കുമോ എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. അതിനാല്‍ ഫോട്ടോകള്‍, വീഡിയോകള്‍, വോയ്സ് നോട്ടുകള്‍ എന്നിവ ഷെയര്‍ ചെയ്യാന്‍ കഴിയുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. 


Previous Post Next Post