ഇരിക്കൂറിലെ വീട്ടില്‍ മോഷണം നടന്ന സംഭവത്തിൽ വന്‍ വഴിത്തിരിവ്; മകന്റെ ഭാര്യ കര്‍ണാടകയില്‍ കൊല്ലപ്പെട്ടു

 



ഇരിക്കൂര്‍:-കല്യാട് ചുങ്കസ്ഥാനത്ത് പട്ടാപ്പകല്‍ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ വന്‍ വഴിത്തിരിവ്.മോഷണം നടന്ന വീട്ടിലെ സുമതയുടെ മകന്‍ സുഭാഷിന്റെ ഭാര്യ ദര്‍ശിതയെ (22) കര്‍ണാടക സാലിഗ്രാമത്തിലെ ലോഡ്ജില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

ഞായറാഴ്ചയാണ് ദര്‍ശിത കൊല്ലപ്പെട്ട വിവരം ഇരിട്ടി പോലീസിന് ലഭിച്ചത്. വെള്ളിയാഴ്ചയാണ് സിബ്ഗ കോളേജിന് സമീപം അഞ്ചാംപുര വീട്ടില്‍ കെ സി സുമതയുടെ വീട്ടില്‍ മോഷണം നടന്നത്.ദര്‍ശിതയുടെ ഭര്‍ത്താവ് സുഭാഷ് വിദേശത്താണ് ഉള്ളത്. സുമതയും മറ്റൊരു മകന്‍ സൂരജും വെള്ളിയാഴ്ച രാവിലെ ചെങ്കല്‍ പണയില്‍ ജോലിക്ക് പോയതായിരുന്നു. ഇവര്‍ പോയതിന് പിന്നാലെയാണ് ദര്‍ശിതയും രണ്ടര വയസ്സുള്ള മകളോടൊപ്പം വീട് പൂട്ടി കര്‍ണാടകയിലെ സ്വന്തം വീട്ടിലേക്ക് പോയതായി പറയുന്നത്.

സുമത വൈകീട്ട് നാലോടെ തിരിച്ച് എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. മോഷണത്തിന്റെ അന്വേഷണ ഭാഗമായി ദര്‍ശിതയോട് വിവരങ്ങള്‍ അന്വേഷിക്കാന്‍ പോലീസ് ബന്ധപ്പെട്ടപ്പോള്‍ ലഭ്യമായിരുന്നില്ല.ദര്‍ശിതയുടെ കൊലപാതകത്തില്‍ കര്‍ണാടക സ്വദേശിയായ ഒരാളെ കര്‍ണാടക പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇത് ദര്‍ശിതയുടെ ആണ്‍ സുഹൃത്ത് ആണെന്നാണ് വിവരം.

രാവിലെ ക്ഷേത്രത്തില്‍ പോയതിന്‌ ശേഷം ലോഡ്ജില്‍ റൂമെടുത്തു. ഇതിന് ശേഷം പുറത്ത്‌ പോയി താന്‍ ഭക്ഷണം വാങ്ങി തിരിച്ച് വന്നപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത് എന്നാണ് ഇയാള്‍ മൊഴി നല്‍കിയിട്ടുള്ളത്.സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇരിട്ടി ഡിവൈഎസ്പി കെ ധനഞ്ജയ ബാബു, കരിക്കോട്ടക്കരി സി ഐ കെ ജെ വിനോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Previous Post Next Post