തിരുവനന്തപുരം :- തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തിൽ വാനിലുണ്ടായിരുന്ന 31 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം 32 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30ഓടെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മലമുകളിലാണ് അപകടമുണ്ടായത്. സെന്‍റ് സാന്താസ് സ്കൂളിലേക്ക് വന്ന വാഹനമാണ് താഴ്ചയിലേക്ക് വീണത്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. ഭാഗ്യംകൊണ്ടാണ് വലിയ അപകടത്തിൽ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത്. ശാസ്തമംഗലത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് കുട്ടികള്‍ ചികിത്സയിലുള്ളത്. സ്കൂളിലേക്ക് കുട്ടികളുമായി എത്തിയ സ്വകാര്യ വാൻ ആണ് അപകടത്തിൽപ്പെട്ടത്.
സ്വകാര്യ വാഹനങ്ങള്‍ സ്കൂളിൽ പ്രവേശിക്കാതെ പുറത്തുള്ള റോഡിൽ തന്നെ കുട്ടികളെ ഇറക്കി തിരിച്ചുപോകാറുള്ളതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തരത്തിൽ വാഹനം പിന്നോട് തിരിക്കുന്നതിനിടെയാണ് സമീപത്തെ കുഴിയിലേക്ക് വാൻ വീണതേന്നാണ് നാട്ടുകാര്‍ പറയുന്നത്. മന്ത്രി വി ശിവൻകുട്ടി ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിരീക്ഷണത്തിനും പരിശോധനയ്ക്കും ശേഷം ഇവരെ ഡിസ്ചാർജ് ചെയ്യും. റോഡിന്‍റെ മോശം അവസ്ഥയും കൈവരി കെട്ടാത്തതിന്‍റെയും പ്രശ്നമാണ് അപകടത്തിന് കാരണമെന്ന് അപകടത്തിൽപ്പെട്ട ടീച്ചർ സുജ പറഞ്ഞു.