ഭീകരാക്രമണ സാധ്യത ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സംശയകരമായ പ്രവർത്തനങ്ങൾ കണ്ടാൽ അറിയിക്കണം, രാജ്യത്തെ എല്ലാ എയർപോർട്ടിലും അതീവ ജാഗ്രതാ നിര്‍ദേശം


ദില്ലി :- ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി. സെപ്റ്റംബർ 22നും ഒക്ടോബർ രണ്ടിനും ഇടയിലുള്ള ദിവസങ്ങളിലാണ് മുന്നറിയിപ്പ്. വിമാനത്താവളങ്ങൾ, ഹെലിപ്പാഡുകൾ, ഫ്ലൈയിംഗ് സ്കൂളുകൾ, പരിശീലന സ്ഥാപനങ്ങൾ തുടങ്ങി എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും നിരീക്ഷണം ശക്തമാക്കാനും ബിസിഎഎസ് നിർദേശിച്ചു.

സാമൂഹ്യ വിരുദ്ധരിൽ നിന്നോ ഭീകരരിൽ നിന്നോ ഉള്ള ഭീഷണി മുൻകൂട്ടി കണ്ടുകൊണ്ട് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സുരക്ഷ ശക്തമാക്കണം എന്ന് ബിസിഎഎസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ടെർമിനലുകൾ, പാർക്കിംഗ് സ്ഥലങ്ങൾ, അതിർത്തി പ്രദേശങ്ങൾ, മറ്റ് ദുർബല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കണം. വിമാനത്താവളങ്ങളിലെ സുരക്ഷ പ്രാദേശിക പൊലീസുമായി ചേർന്ന് കൂടുതൽ ശക്തമാക്കാനും നിർദേശമുണ്ട്.

എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര വിമാന ഓപ്പറേറ്റർമാരും വിമാനങ്ങളിൽ കയറ്റുന്നതിന് മുൻപ് എല്ലാ കാർഗോയും മെയിലും കർശന സുരക്ഷാ പരിശോധനക്ക് വിധേയമാക്കണം. എല്ലാ സ്റ്റേഷനുകളിലെയും ആഭ്യന്തര, അന്താരാഷ്ട്ര മെയിൽ പാഴ്സലുകൾക്ക് വേണ്ടിയുള്ള പരിശോധനകളും ശക്തമാക്കും. വിമാനത്താവള അധികൃതര്‍ എല്ലാ ജീവനക്കാരുടെയും കരാറുകാരുടെയും സന്ദർശകരുടെയും തിരിച്ചറിയൽ രേഖകൾ കർശനമായി പരിശോധിക്കണം. അനധികൃതമായ പ്രവേശനം ഉടൻ തന്നെ തടയുകയും ഔദ്യോഗിക അധികൃതരെ അറിയിക്കുകയും വേണം. എല്ലാ സിസിടിവി സംവിധാനങ്ങളും തടസങ്ങളില്ലാതെ പ്രവർത്തിക്കണം. സംശയകരമായ പെരുമാറ്റങ്ങളോ ആളില്ലാത്ത വസ്തുക്കളോ കണ്ടാൽ ഉടൻ തന്നെ പ്രതികരിക്കണമെന്നും നിർദേശമുണ്ട്.

Previous Post Next Post