തിമിം​ഗലങ്ങൾ ചത്തടിയുന്നത് പത്ത് മടങ്ങായി വർധിച്ചു ; കൂടുതലും കേരളം, കർണാടക, ​ഗോവ തീരങ്ങളിലെന്ന് പഠനം


കൊച്ചി :- അറബിക്കടൽ തീരങ്ങളിൽ തിമിം​ഗലങ്ങൾ ചത്ത് അടിയുന്നത് കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ പത്ത് മടങ്ങ് വർധിച്ചതായി കണ്ടെത്തൽ. കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനം നടത്തിയ (സിഎംഎഫ്ആർഐ) പഠനത്തിൽ 2004-2013 കാലയളവിൽ പ്രതിവർഷം 0.3 ശതമാനമായിരുന്നത് 2013-2023 കാലയളവിൽ പ്രതിവർഷം 3 ശതമാനമായി ​കുത്തനെ കൂടിയെന്ന് കണ്ടെത്തി.

കേരളം, കർണാടക, ​ഗോവ തീരങ്ങളിലാണ് തിമിം​ഗലങ്ങൾ ഏറ്റവും കൂടുതൽ ചത്ത് അടിയുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉയർന്ന അളവിലുള്ള കപ്പൽ ​ഗതാ​ഗതം, മത്സ്യബന്ധനം, പാരിസ്ഥിതിക ​ഘടകങ്ങൾ, ആഴം കുറഞ്ഞ തീരക്കടൽ എന്നിവ ഇതിന് ആക്കം കൂട്ടുന്നു. കടലിലെ ശബ്ദമലിനീകരണം, കപ്പൽ അപകടങ്ങൾ, ആവാസകേന്ദ്രങ്ങളുടെ തകർച്ച എന്നിവ തിമിം​ഗലങ്ങളുടെ നിലനിൽപിന് ഭീഷണിയാകുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ശ്രദ്ധയും ഉയർന്ന പൗരബോധവും, ചത്തടിയുന്ന സംഭവങ്ങൾ പെട്ടെന്ന് റിപ്പോർട്ട് ചെയ്യാൻ ഇടയായിട്ടുണ്ടെന്നും പഠനം പറയുന്നു.

ബ്രൈഡ്സ് തിമിം​ഗലമാണ് കൂടുതലായി ചത്ത് തീരത്ത് അടിയുന്നത്. 2023ൽ മാത്രം ഒമ്പത് തിമിം​ഗലങ്ങളാണ് ചത്ത് അടിഞ്ഞത്. കൂടുതലായും ആ​ഗസ്ത്-നവംബർ മാസങ്ങളിലാണ് ഇവ കണ്ടെത്തിയത്. കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കാലവർഷത്തോടനുബന്ധിച്ച് ഇന്ത്യയുടെ പടിഞ്ഞാറൻ തീരക്കടലുകളിലെ ഉയർന്ന ഉൽപാദനക്ഷമത ചെറുമത്സ്യങ്ങളുടെ വർധനവിന് സഹായകരമാകും. ഇതിനെ ലക്ഷ്യം വെച്ച് തീരക്കടലിലേക്ക് നീങ്ങുന്ന തിമിം​ഗലങ്ങൾ പലപ്പോഴും കരയോട് ചേർന്ന ആഴം കുറഞ്ഞ പ്രദേശങ്ങളിൽ കുടുങ്ങുകയോ കരക്കടിയുകയോ ചെയ്യും. ഇതോടൊപ്പം പ്രക്ഷുബ്ധമായ കടൽ കാരണം ദിശയറിയാനുള്ള ശേഷി നഷ്ടപ്പെട്ട് തീരത്തെത്തിപ്പെടുന്നതുമാണ് മൺസൂൺ സമയത്ത് തിമിം​ഗലങ്ങൾ ചത്ത് തീരത്തടിയുന്നത് കൂടാൻ കാരണമാകുന്നത്.

Previous Post Next Post