കണ്ണൂർ :- കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോം ഉയർത്തി നിർമിക്കാനുള്ള പ്രവൃത്തികൾക്ക് റെയിൽവേയുടെ അനുമതി ലഭിച്ചെന്ന വിവരം ഏറെ ആശ്വാസമുണ്ടാക്കിയതായി സ്റ്റേഷനിൽ നിന്ന് പാസഞ്ചർ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർ.
പാളത്തിന് സമാന്തരമായി മാത്രം ഉയരമുള്ള സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലാണ് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പാസഞ്ചറുകൾ എത്തുക. പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവ് കാരണം അൽപ സമയം മാത്രം നിർത്തുന്ന ട്രെയിനുകളിൽ ചാടിക്കയറേണ്ട അവസ്‌ഥയാണ് യാത്രക്കാർക്ക്. മുതിർന്നവർക്ക് പരസഹായമില്ലാതെ ട്രെയിനിൽ കയറാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്.