ഏഴോത്ത് ഒരുങ്ങുന്നു ആധുനിക വാതക ശ്മശാനം


കണ്ണൂർ:-പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും ദുര്‍ഗന്ധമില്ലാതെ വേഗത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനുമായി ആധുനിക സൗകര്യങ്ങളോടെ ഏഴോത്ത് വാതക ശ്മശാനം ഒരുങ്ങുന്നു. എല്‍പിജി അധിഷ്ഠിത ഗ്യാസ് ശ്മശാനത്തില്‍ പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കുറഞ്ഞ സമയത്തിനകം ശവസംസ്‌കാര പ്രക്രിയ സുഗമമായി നിര്‍വഹിക്കുന്നതിന് സാധിക്കും. ശാസ്ത്രീയ രീതിയിലുള്ള മലിനീകരണ നിയന്ത്രണ സംവിധാനങ്ങളാണ് ഇതിനായി ഒരുക്കുന്നത്. എല്‍പിജി, സെക്യൂരിറ്റി, ഓഫീസ്, ജനറേറ്റര്‍ മുറികള്‍, പാര്‍ക്കിംഗ് സൗകര്യം, ഗാര്‍ഡന്‍, വിളക്കുകള്‍, ശുചിമുറി, ചുറ്റുമതില്‍, ഡ്രെയിനേജ് ഉള്‍പ്പടെ 2,100 ചതുരശ്രഅടി വിസ്തൃതിയുള്ള കെട്ടിടമാണ് ഒരുങ്ങുന്നത്. 

എരിപുരം തടത്ത് ഏഴോം പഞ്ചായത്തിന്റെ അധീനതയിലുളള 50 സെന്റ് സ്ഥലത്താണ് പദ്ധതി. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.70 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. സംസ്‌കാരത്തിന് ശേഷം ചടങ്ങുകള്‍ നടത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇംപാക്ട് കേരളയാണ് പ്രവൃത്തിയുടെ നിര്‍വഹണ ഏജന്‍സി. സെപ്തംബര്‍ മാസത്തോടെ പദ്ധതി പൂര്‍ത്തികരിക്കാന്‍ എം വിജിന്‍ എം എല്‍ എ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Previous Post Next Post