മണിക്കൂറുകൾക്കുള്ളിൽ മൂന്ന് പേർക്കാണ് സ്വർണ്ണാഭരണങ്ങൾ നഷ്ടമായി;നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിലെത്തിയ മോഷ്ടാവിനെ തേടി പൊലീസ്

 


തലശ്ശേരി:- തലശ്ശേരിയിലെ മാല മോഷ്ടാവിനെ തേടി പോലീസ്. നമ്പർ പ്ലേറ്റ് ഇല്ലാത്ത സ്കൂട്ടറിലെത്തിയാണ് മാല മോഷണം നടത്തിയത്. മണിക്കൂറുകൾക്കുള്ളിൽ മൂന്ന് പേർക്കാണ് സ്വർണ്ണാഭരണങ്ങൾ നഷ്ടമായത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. 

നട്ടുച്ചക്ക് റോഡിൽ കൂടി നടന്ന് പോവുകയായിരുന്ന വിധവയുടെ കഴുത്തിലെ സ്വർണ്ണമാല കവർച്ച നടത്തിയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മറ്റൊരു കേസിലും പ്രതിയാണെന്ന് സൂചന പൊലീസിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ന്യൂ മാഹി പോലീസ് സ്റ്റേഷൻ പരിധിയിൽ കോടിയേരി ഓണിയൻ സ്കൂളിനടുത്തുള്ള ബാലവാടിക്ക് സമീപം വെച്ചാണ് പ്രതി മാല മോഷ്ടിച്ചത്. 

റോഡിൽ കൂടി നടന്ന് സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്ന കവിയൂരിലെ കുട്ടിയിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ഭാർഗ്ഗവി. ഇവരുടെ കഴുത്തിലെ മൂന്ന് പവൻ ചെയിൻ എതിർദിശയിൽ നിന്നും ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന പ്രതി പൊട്ടിച്ചെടുത്ത് കടന്ന് കളഞ്ഞതായിട്ടാണ് പരാതി. 

‌പകൽ പന്ത്രണ്ട് മണിയോടെയാണ് പരാതിക്കാധാരമായ സംഭവം. ആ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. നാദാപുരം പോലീസ് പരിധിയിൽ സമാനമായ കേസിലും പ്രതിയാണെന്നുമാണ് സൂചന. 

കഴിഞ്ഞ ദിവസം രാവിലെ തലായി ഗോപാല പേട്ടയിലെ സ്കൂളിലെ പാചക തൊഴിലാളിയായ കതിരൂർ നാലാം മൈലിലെ ശശികലയുടെ കഴുത്തിൽ നിന്നും സ്വർണ്ണ ചെയിൻ പിടിച്ച് പറിച്ച്കൊണ്ട് പോയതും അതേ ദിവസം കൂത്തുപറമ്പിൽ നിന്നും സ്ത്രീയുടെ ചെയിൻ അപഹരിച്ചതും പ്രതിയാണെന്നാണ് സൂചന. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്

Previous Post Next Post