കണ്ണൂർ :- നാട്ടിലിറങ്ങിയ കാട്ടുപന്നികളെ കൊന്നുതീർക്കുന്നതിനൊപ്പം നാടൻ കുരങ്ങുകളുടെ എണ്ണം നിയന്ത്രിക്കാനും വനംവകുപ്പിന് കർമപദ്ധതി. മനുഷ്യ-വന്യജീവി സംഘർഷം തടയാനുള്ള നയസമീപനരേഖയുടെ കരടിലാണ് തീവ്രയത്നപരിപാടികളെക്കുറിച്ച് വിശദമാക്കുന്നത്. ആന, കടുവ, പുള്ളിപ്പുലി എന്നിവയുണ്ടാക്കുന്ന പ്രശ്നങ്ങൾ ഗൗരവതരമാണെങ്കിലും കാട്ടുപന്നികൾ, നാടൻ കുരങ്ങുകൾ എന്നിവയുടെ നിരന്തരശല്യമാണ് ഗ്രാമീണകർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതെന്ന് കരടുരേഖ പറയുന്നു.
ഒരു വർഷത്തിനുള്ളിൽ ജനവാസ മേഖലയിലെ കാട്ടുപന്നികളെ ഉന്മൂലനം ചെയ്യാനുള്ള ജനകീയ പരിപാടിയാണ് ആവിഷ്ക്കരിക്കുന്നത്. കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവും മിഷൻ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. മിഷൻ ബോണറ്റ് മക്കാക് തീവ്രയജ്ഞ പരിപാടിയിലൂടെ നാടൻ കുരങ്ങുകളുടെ എണ്ണം കുറയ്ക്കാൻ ശാസ്ത്രീയമായ വഴിതേടും. നാടൻ കുരങ്ങുകളെ വന്യജീവി സംരക്ഷണ നിയമത്തിൻ്റെ ഷെഡ്യൂൾ ഒന്നിൽ നിന്ന് രണ്ടിലേക്ക് മാറ്റാനുള്ള ശുപാർശ നേരത്തെ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. നഗരപ്രദേശങ്ങളിലുൾപ്പെടെ ഇവ പ്രശ്നക്കാരാവുന്നുണ്ട്.