കണ്ണൂർ :- ആശമാരുടെ ജോലി കൃത്യമായി കണക്കാക്കി വേതനവും ആനുകൂല്യങ്ങളും നൽകാൻ പുതിയ സോഫ്റ്റ്‌വേർ ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം) തയ്യാറാക്കി. 2012 മുതൽ ഉപയോഗിക്കുന്ന ഇസി മാൻ സോഫ്റ്റ്‌വേർ ഒഴിവാക്കിയാണ് സി-ഡിറ്റ് വികസിപ്പിച്ച പുതിയ ആശ സോഫ്റ്റ്വേറിലേക്കു മാറുന്നത്. അടുത്ത മാസം മുതലുള്ള വേതനം ഇതിന്റെ അടിസ്ഥാനത്തിലാണു നൽകുക.
വേതനം കണക്കാക്കുമ്പോഴുണ്ടാകുന്ന തെറ്റുകൾ തിരുത്താൻ കഴിയുന്ന രീതിയിലാണ് സോഫ്റ്റ്‌വേർ ഒരുക്കിയിരിക്കുന്നത്. ആശമാരുടെ സംഘടനകളുടെ ഏറെനാളായുള്ള ആവശ്യപ്രകാരമാണിത്. ജോലി വിവരം സോഫ്റ്റ്വേറിൽ ചേർക്കുന്നതു മുതൽ പരിശോധിക്കുന്നതു വരെയുള്ള വിവിധതലങ്ങൾ പൂർത്തിയാക്കാൻ നിശ്ചിത സമയവും നിർദേശിച്ചിട്ടുണ്ട്. അതിനാൽ, വേതന വിതരണത്തിലെ കാലതാമസം ഒഴിവാകും.
ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ ആശമാർ നൽകുന്ന പ്രതിമാസ വിവരം സോഫ്റ്റ്വേറിൽ അപ്ലോഡു ചെയ്യേണ്ട ജോലി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് (ജെപിഎച്ച്എൻ), ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (ജെഎച്ച്‌ഐ), മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (എംഎൽഎസ്‌പി) എന്നിവർക്കു വീതിച്ചു നൽകി. നേരത്തേ, ജെപിഎച്ച്എൻ മാത്രം ചെയ്തിരുന്നതാണ് ഈ ജോലി. ഓരോരുത്തരും മേൽനോട്ടം വഹിക്കുന്ന ജോലി അവരവർ തന്നെ കണക്കാക്കുന്നതിലൂടെ തെറ്റുകളില്ലാതാക്കാൻ കഴിയും.
ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സോഫ്റ്റ്വേറിൽ ചേർക്കുന്ന വിവരങ്ങൾ പബ്ലിക് ഹെൽത്ത് നഴ്‌സ്, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ പരിശോധിക്കും. തെറ്റുണ്ടെങ്കിൽ തിരുത്തും. ഇതിനുശേഷം സ്ഥാപന മേധാവികൾ സ്ഥിരീകരിച്ച് അംഗീകാരം നൽകും. മുൻപ് ജെപിഎച്ച്എൻമാർ നൽകുന്ന വിവരങ്ങൾ അതേപടി അംഗീകരിക്കു ന്ന രീതിയായിരുന്നു. അതുകൊണ്ട് ജോലി നിർണയത്തിലെയും വേതനവിതരണത്തിലെയും തെറ്റുകൾ പിന്നീട് കണ്ടെത്തിയാലും പരിഹരിക്കാൻ കഴിയില്ലായിരുന്നു. എല്ലാമാസവും 25-നു മുൻപ് ആശമാർ ജനകീയാരോഗ്യ കേന്ദ്രത്തിൽ പ്രതിമാസ ഫീൽഡ് റിപ്പോർട്ട് നൽകണം. 26 മുതലുള്ള അഞ്ചു പ്രവൃത്തി ദിവസങ്ങളിൽ ഇത് സോഫ്റ്റ്‌വെയറിൽ ചേർക്കും.