വിദ്യാർഥി ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രികരായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

 


പാലാ:- വിദ്യാർഥി ഓടിച്ച കാർ നിയന്ത്രണം വിട്ട് രണ്ട് സ്കൂട്ടറുകളിൽ ഇടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. മരിച്ച ഒരു യുവതിയുടെ ആറാം ക്ലാസ് വിദ്യാർഥിനിയായ മകൾക്ക് ഗുരുതര പരിക്കേറ്റു. മേലുകാവുമറ്റം നെല്ലംകുഴിയിൽ എൻ.കെ. സന്തോഷിന്റെ ഭാര്യ ധന്യ (38), അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിൻ്റെ ഭാര്യ ജോമോൾ (35) എന്നിവരാണ് മരിച്ചത്. ജോമോളുടെ മകൾ അന്നമോൾ (11- സെന്റ് മേരീസ് സ്‌കൂൾ) ചേർപ്പുങ്കൽ മെഡിസിറ്റി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പാലാ - തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കൽ കർമലീത്ത മഠത്തിന് സമീപം ചൊവ്വാഴ്‌ച രാവിലെ 9.30 ഓടെയാണ് അപകടം. കാർ ഓടിച്ചിരുന്ന ഇടുക്കി നെടുങ്കണ്ടം ചെറുവിള വീട്ടിൽ ചന്ദൂസ് ത്രിജിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സെൻറ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജുക്കേഷനിൽ അധ്യാപക പരിശീലനം നടത്തുന്ന നാല് വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. ജോമോളും മകൾ അന്നമോളും സ്കൂട്ടറിൽ പാലാ ഭാഗത്തേക്ക് വരികയായിരുന്നു. പാലായിൽ മീനച്ചിൽ അഗ്രോ സൊസൈറ്റിയിൽ കലക്ഷൻ ഏജന്റ്റായ ധന്യ തൊട്ടുപിന്നിൽ മറ്റൊരു സ്കൂട്ടറിൽ പാലാ ഭാഗത്തേക്ക് തന്നെ വരികയായിരുന്നു. എതിർദിശയിൽ നിന്ന് അമിത വേഗതയിൽ വന്ന കാർ രണ്ട് സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിലുണ്ടായിരുന്നവർ റോഡിലേക്ക് തെറിച്ചുവീണു. ജോമോളെയും ധന്യയെയും ഉടൻ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അന്ന മോളെ അരുണാപുരത്തെ ആശുപത്രിയിലും തുടർന്ന് മെഡിസിറ്റിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ സ്‌കൂട്ടറുകൾ പൂർണമായും തകർന്നു. പാലായിൽ രാവിലെ മുതൽ കനത്ത മഴയുമുണ്ടായിരുന്നു.

കടനാട്ടിലെ സ്കൂളിൽ അധ്യാപക പരിശീലനത്തിന് പോയ വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. സ്കൂ‌ളിൽ എത്താൻ വൈകിയതിനാൽ അമിത വേഗത്തിലായിരുന്നു യാത്രയെന്ന് വിദ്യാർഥികൾ പൊലീസിനോട് പറഞ്ഞു. കാറോടിച്ച ചന്ദ്രസ് ത്രിജിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

Previous Post Next Post