ന്യോമ എയർബേസ് ; ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള വ്യോമതാവളം പ്രധാനമന്ത്രി ഒക്ടോബറിൽ ഉദ്ഘാടനം ചെയ്യും


ദില്ലി :- കിഴക്കൻ ലഡാക്കിലെ ന്യോമയിൽ പുതുതായി നിർമ്മിച്ച മുദ് അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ട് ഈ വർഷം ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചൈനീസ് അതിർത്തിയിൽ (എൽഎസി) നിന്ന് 30 കിലോമീറ്ററും ലേയിൽ നിന്ന് 200 കിലോമീറ്ററും അകലെ സമുദ്ര നിരപ്പിൽ നിന്ന് 13,700 അടി ഉയരത്തിലാണ് ന്യോമ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) നിർമിച്ച ഈ താവളം ഉദ്ഘാടനം ചെയ്യപ്പെട്ടാൽ, ലോകത്തിലെ അഞ്ചാമത്തെ ഉയരം കൂടിയ വ്യോമതാവളമായി മാറും.

മേഖലയിൽ ഇന്ത്യയുടെ സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമിട്ടത്. എല്ലാ തരം യുദ്ധവിമാനങ്ങൾക്കും പറന്നുയരാനും ലാൻഡ് ചെയ്യാനും സാധിക്കുന്ന നിലയിലാണ് വിമാനത്താവളം ഒരുക്കിയിരിക്കുന്നത്. ഏത് അടിയന്തര സാഹചര്യത്തിലും മേഖലയിൽ സൈനികരെയും സൈനിക ഉപകരണങ്ങളെയും വേഗത്തിൽ എത്തിക്കാൻ ഈ താവളത്തിൻ്റെ സാന്നിധ്യം സഹായിക്കും.

മൂന്ന് വർഷം കൊണ്ടാണ് പദ്ധതി പൂർത്തിയാക്കിയകത്. 2023 സെപ്റ്റംബറിലാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് 218 കോടി രൂപയുടെ പദ്ധതിക്ക് തറക്കല്ലിട്ടത്. നേരത്തെ ഇവിടെ വിമാനങ്ങൾ ലാൻഡ് ചെയ്തിരുന്നു. എന്നാൽ 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിനുശേഷം ഇവിടെ വ്യോമതാവളം പ്രവർത്തിച്ചിരുന്നില്ല. 2009 ൽ ഇന്ത്യൻ വ്യോമസേനയുടെ ഗതാഗത വിമാനമായ എഎൻ-32 ഇവിടെ ലാൻഡ് ചെയ്തതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചത്.

Previous Post Next Post