HIV എയ്ഡ്സ് ബോധവത്കരണത്തിനായി മൂന്ന് മാസത്തെ ക്യാമ്പയിൻ സംഘടിപ്പിക്കും


കണ്ണൂർ :- HIV എയ്ഡ്സ് ബോധവത്കരണത്തിനായി മൂന്ന് മാസത്തെ ക്യാമ്പയിൻ സംഘടിപ്പിക്കും പൊതുജനങ്ങൾ, വിദ്യാർഥികൾ, തൊഴിലാളികൾ, ഡോക്ടർമാർ തുടങ്ങി സമൂഹത്തിന്റെ എല്ലാതലങ്ങളിലേക്കും മൂന്നുമാസം നീളുന്ന എച്ച്‌ഐ വി എയ്ഡ്സ് ബോധവത്കരണ ക്യാമ്പയിനുമായി ജില്ലാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഫ. തദ്ദേശസ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെ ലോക എയ്ഡ്സ് ദിനമായ ഡിസംബർ ഒന്നുവരെ നീണ്ടു നിൽക്കുന്ന വിവിധ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നതിന് ജില്ലാ എയ്ഡ്സ് പ്രതിരോധ നിയന്ത്രണ കമ്മറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ കെ.വി. ശ്രുതി അധ്യക്ഷയായി.

എച്ച്.ഐ.വി ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സമഗ്ര ആരോഗ്യ ബോധവത്കരണ പരിപാടികൾ, മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനങ്ങളും കുത്തിവെപ്പും, യുവാക്കൾക്കിടയിൽ ബോധവത്കരണ പരിപാടി, എച്ച് ഐ വി വ്യാപന സാധ്യതയുള്ള മേഖലകൾ കേന്ദ്രീകരിച്ചുള്ള പഠനം എന്നിവയാണ് പ്രധാനമായും സംഘടിപ്പിക്കുക. സ്‌കൂളുകൾ, കോളജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിദ്യാർഥികൾക്കായി അവബോധ ക്വിസ് മത്സരങ്ങൾ, ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും. നവമാധ്യമങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ ചെറു വീഡിയോ, പോസ്റ്ററുകൾ എന്നിവ നിർമ്മിച്ച് ബോധവത്കരണ ക്യാമ്പയിനുകളിൽ പ്രദർശിപ്പിക്കും.

കൂടാതെ സ്വകാര്യ, സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്കായി പ്രത്യേക പരിശീലന ക്ലാസുകളും നടത്തും. അതിഥി തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിൽ മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണ ക്യാമ്പയിനുകളും നടത്തും. 2030 ഓടെ സീറോ ന്യൂ കേസ്, സീറോ ഡെത്ത് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങളാണ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നടത്തിവരുന്നത്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. സോനു. ബി. നായർ, ക്ലസ്റ്റർ പ്രോഗ്രാം മാനേജർ പ്രിൻസ് എം.ജോർജ്, തദ്ദേശസ്വയംഭരണം, പൊതുവിദ്യാഭ്യാസം, പോലീസ്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും വിവിധ സന്നദ്ധസംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.

Previous Post Next Post