പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് പണം എത്താൻ സാധ്യത ; ഇടപാടുകൾ കണ്ടെത്താൻ സൂക്ഷ്‌മപരിശോധന നടത്തണമെന്ന് RBI


പാകിസ്താനിൽ നിന്ന് നേരിട്ടല്ലാതെ ഇന്ത്യയിലേക്ക് പണം എത്താൻ സാധ്യതയുണ്ടെന്നും ഇത്തരം ഇടപാടുകൾ കണ്ടെത്താൻ സൂക്ഷ്‌മപരിശോധന കർശനമാക്കണമെന്നും റിസർവ് ബാങ്ക് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. ആയുധങ്ങൾ വാങ്ങാൻ ഇത്തരം പണം ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും ഇത് ഉയർന്ന അപകടസാധ്യത ആണെന്നും ആർ.ബി.ഐ അയച്ച കത്തിൽ പറയുന്നു. നേരിട്ടുള്ള പണമിടപാടുകൾക്ക് ആർ.ബി.ഐയുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഈ . സാഹചര്യത്തിൽ മറ്റു രാജ്യങ്ങൾ വഴി ഇന്ത്യയിലേക്ക് എത്തുന്ന പണത്തിന്മേലാണ് ഇപ്പോൾ പരിശോധന കർശനമാക്കുന്നത്. മെയ് മാസത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന സൈനിക സംഘർഷത്തിന് ശേഷം നടന്ന അന്വേഷണങ്ങളെ തുടർന്നാണ് ഈ നിർദേശം നൽകിയത്.

ആയുധ ഇടപാടുകൾക്ക് പണം നൽകുന്നതിന് പാകിസ്ത‌ാൻ ശ്രമിച്ചേക്കാമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ നടത്തിയ കണ്ടെത്തലുകളും കത്തിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ കത്തിൽ പറയുന്നില്ല. ചില പാകിസ്‌താൻ പൗരന്മാർ മറ്റ് രാജ്യങ്ങൾ വഴി ഇന്ത്യയിലേക്ക് പണം അയച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് സർക്കാർ വൃത്തങ്ങൾ സൂചന നൽകി. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനും ഭീകരപ്രവർത്തനങ്ങൾക്കും ആയുധ ഇടപാടുകൾക്കും പണം എത്തുന്നത് ഒഴിവാക്കാനും ബാങ്കുകൾക്ക് പൊതുവായ മാർഗനിർദേശങ്ങൾ നിലവിലുണ്ട്. 

Previous Post Next Post