പൂച്ചയെ പിടിക്കാനെത്തിയ തെരുവുനായ കാറിന്റെ ബോണറ്റിനുള്ളിൽ കുടുങ്ങി ; പാതിരാത്രി പരിഭ്രാന്തരായി നാട്ടുകാർ


ചാല :- പൂച്ചയെ പിടിക്കാൻ രാത്രി എത്തിയ തെരുവു നായ്ക്കളിൽ ഒന്ന് കാറിന്റെ ബോണറ്റിനുള്ളിൽ കുടുങ്ങിയത് വീട്ടുകാരെ മുൾമുനയിലാക്കി. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ചാല ഭഗവതീക്ഷേത്രത്തിനു സമീപത്തെ വീട്ടിലാണ് സംഭവം. പൂച്ചയോ പാമ്പോ കയറാറുണ്ടെങ്കിലും നായയെപ്പോലുള്ള വലിയ ജീവി ബോണറ്റിനുള്ളിൽ എങ്ങനെ കയറിയെന്നത് അദ്ഭുതപ്പെടുത്തുന്നു. നായ്ക്കൾ വണ്ടിക്കടുത്തനിന്ന് ശബ്ദമുണ്ടാക്കുന്നതു കേട്ടുണർന്ന വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വീട്ടിൽ വരാറുള്ള രണ്ടു പൂച്ചകൾ രാത്രി പോർച്ചിൽ നിർത്തിയിട്ടിരിക്കുന്ന കാറിനടിയിലാണ് കിടക്കാറ്. ഇവയെ പിടിക്കാനെത്തിയ നായ്ക്കളിൽ ഒന്ന് വണ്ടിക്കടിയിലൂടെ തലയിട്ട് ബോണറ്റിനുള്ളിൽ കയറിക്കൂടുകയായിരുന്നു.

ബഹളമായതോടെ മറ്റു നായകൾ ഓടി രക്ഷപ്പെട്ടു. വീട്ടുകാരും സമീപവാസികളും പരിശോധിച്ചപ്പോൾ ഉടലും കാലും എൻജിനുള്ളിൽ കുടുങ്ങി തലകീഴ്കോട്ടായ നിലയിലായിരുന്നു നായ. ഏറേ ശ്രമിച്ചിട്ടും രക്ഷപ്പെടുത്താനാകാതെ വന്നതോടെ കണ്ണൂർ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. അവർ ഉടനെത്തി ഏറെ നേരം പ്രയത്നിച്ചെങ്കിലും നായയെ പുറത്തെടുക്കാനായില്ല. ഒടുവിൽ നിവൃത്തിയില്ലാതെ രാവിലെ മെക്കാനിക്കൻ്റെ സഹായം തേടാൻ പറഞ്ഞ് അവർ മടങ്ങി. ചൊവ്വാഴ്ച രാവിലെ മെക്കാനിക് വന്ന് നായയെ പുറത്തെടുക്കുമ്പോഴേക്കും ചത്തിരുന്നു. കാറിനുള്ളിൽ കുടുങ്ങിയ വെപ്രാളത്തിൽ ബോണറ്റിനുള്ളിലെ പല സാധനങ്ങളും നായ കടിച്ചുമുറിച്ചു. ഒരാഴ്ച മുൻപ് സർവീസ് കഴിഞ്ഞെത്തിച്ച വണ്ടി വീണ്ടും നന്നാക്കേണ്ട അവസ്ഥയിലാണ് വീട്ടുകാർ. കുറച്ചു മാസങ്ങൾക്കുമുൻപ് നായ്ക്കൾ കടിച്ച് ഇതേ വണ്ടിയുടെ ബമ്പറിൻ്റെ ഭാഗം കേടുവരുത്തിയിരുന്നു. 

Previous Post Next Post