കണ്ണൂർ :- കണ്ണൂർ നഗരത്തിൽ ഗതാഗത നിയമലംഘനങ്ങളുടെ ഫലമായി അപകടങ്ങൾ നിത്യസംഭവമാകുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം കർശന നിയമ നടപടികൾ സ്വീകരിച്ച് അപകടങ്ങൾ നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, നഗരസഭാ സെക്രട്ടറി എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. കാൽനടയാത്രക്കാരുടെയും വാഹന യാത്രക്കാരുടെയും ജീവൻ രക്ഷിക്കാനാവശ്യമായ നടപടികൾ വിട്ടുവീഴ്ച കൂടാതെ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
15 ദിവസത്തിനകം സ്വീകരിച്ച നടപടികളെകുറിച്ച് റിപ്പോർട്ട് സമർപ്പിക്കണം. നവംബർ 19 ന് കണ്ണൂർ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. സൗത്ത് ബസാറിൽ ഇതരസംസ്ഥാന തൊഴിലാളി അപകടത്തിൽ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. അനിയന്ത്രിതമായ വേഗതയിൽ സഞ്ചരിക്കുന്ന ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് അപകടത്തിന് കാരണമാകുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറയുന്നു.താന, കാൾട്ടക്സ് ജംഗ്ഷൻ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലെ ട്രാഫിക്ക് സിഗ്നലുകളുടെ അഭാവം അപകടങ്ങൾ വർധിപ്പിക്കുന്നതായി പരാതിയിൽ പറയുന്നു. നടപ്പാതകൾ കച്ചവടക്കാർ കൈയേറുന്നതിനാൽ യാത്രക്കാർ ബുദ്ധിമുട്ടിലാണ്. സീബ്രാ ക്രോസിംഗുകൾ വ്യക്തമായി രേഖപ്പെടുത്താത്തതും അപകടങ്ങൾ വർദ്ധിപ്പിക്കുന്നതായി പരാതിയിൽ പറയുന്നു.
