കണ്ണൂർ :- കണ്ണൂർ സിറ്റി പോലീസിന് പുതുതായി അനുവദിച്ച അത്യാധുനിക മൊബൈൽ ഫോറൻസിക് വാൻ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് പി, ഐ.പി.എസ് ഫ്ലാഗ് ഓഫ് ചെയ്തു. പോലീസ് വകുപ്പിൻ്റെ നവീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 19 ജില്ല പോലീസുകൾക്കായി ഓരോ മൊബൈൽ ഫോറൻസിക് വാനുകളും അനുവദിച്ചതിൻ്റെ ഭാഗമായാണ് ഈ വാൻ കണ്ണൂർ സിറ്റി പോലീസിന് ലഭിച്ചത്. ഇതിലൂടെ ക്രൈം സീൻ പരിശോധനകൾ കൂടുതൽ നൂതനമായ രീതിയിലും സമയബന്ധിത മായും നടത്താൻ സാധിക്കും. ക്രൈം സീനിൽ നിന്നുള്ള രക്തം, ശുക്ലം, മുടിനാരുകൾ, മയക്കുമരുന്ന്, സ്ഫോടകവസ്തുക്കൾ, ഡിജിറ്റൽ തെളിവുകൾ, ബാലിസ്റ്റിക് പരിശോധനകൾ തുടങ്ങിയവ സ്ഥലത്തുതന്നെ കൂടുതൽ കാര്യക്ഷമമായി നടത്താനാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് പി, ഐ.പി.എസ് അറിയിച്ചു.
വാഹനത്തിൽ ഇൻവെർട്ടർ, ജനറേറ്റർ, സിസിടിവി ക്യാമറകൾ, രാത്രികാലങ്ങളി ലും പരിശോധന നടത്താനാകുന്ന കറങ്ങുന്ന ലൈറ്റുകൾ, സാമ്പിൾ ശേഖരിച്ച് സൂക്ഷിക്കാനാവുന്ന റഫ്രിജറേറ്റർ തുടങ്ങിയ സൗകര്യങ്ങളും ഉൾപ്പെടുത്തി യിട്ടുണ്ട്. ചടങ്ങിൽ അസിസ്റ്റൻ്റ് കമ്മീഷണർ ഓഫ് പോലീസ് (സ്പെഷ്യൽ ബ്രാഞ്ച്) ജോൺ എ.വി, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (ജില്ലാ ക്രൈം ബ്രാഞ്ച്) സുമേഷ് ടി.പി, ആർ.എസ്.ഐ ഷാജി (റിസർവ് ഇൻസ്പെക്ടർ ഇൻചാർജ്), മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർ സന്തോഷ് കെ.വി, എസ്.ഐ സജു, എ.എസ്.ഐ ഗഫൂർ, സയന്റിഫിക് ഓഫീസർമാരായ ഗോകുൽ, അഞ്ജിത, ഷിനിജ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
