വാഷിംഗ്‌ടൺ :- അൻ്റാർട്ടിക്ക് ഓസോൺ പാളിയിലെ വിള്ളൽ അടയുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഓസോൺ പാളിയിലെ ദ്വാരം പതിറ്റാണ്ടുകളിലെ ഏറ്റവും കുറഞ്ഞ വലുപ്പത്തിലേക്ക് എത്തുന്നുവെന്നും സെപ്റ്റംബർ 9-ന് വാർഷിക പരമാവധി വിസ്‌തീർണ്ണം 8.83 ദശലക്ഷം ചതുരശ്ര മൈലിൽ എത്തിയെന്നും നാസയിലെയും നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനിലെയും (NOAA) ശാസ്ത്രജ്ഞർ പറഞ്ഞു.
ഓസോൺ പാളിക്ക് ആശ്വാസം
2025-ൽ അന്റാർട്ടിക്ക് ഓസോൺ ദ്വാരം 1992-ന് ശേഷമുള്ള അഞ്ചാമത്തെ ചെറിയ ദ്വാരമായിരുന്നു എന്നാണ് നാസയും നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്‌മിനിസ്ട്രേഷനും (NOAA) പറയുന്നത്. മനുഷ്യൻ്റെ ആരോഗ്യത്തിലും ആവാസവ്യവസ്ഥയിലും ഉണ്ടാകാൻ സാധ്യതയുള്ള ആഘാതം കാരണം ഒരു പ്രധാന പാരിസ്ഥിതിക ആശങ്കയാണ് ഓസോൺ പാളിയിലെ ഈ ദ്വാരത്തിന്റെ വലിപ്പം. എന്നാൽ ഓസോണിനെ നശിപ്പിക്കുന്ന രാസവസ്തുക്കൾ നിരോധിച്ച അന്താരാഷ്ട്ര കരാറായ മോൺട്രിയൽ പ്രോട്ടോക്കോൾ കാരണം ഓസോൺ പാളിയിലെ ഈ വിള്ളൽ ക്രമേണ ഭേദപ്പെടുന്നുണ്ടെന്ന് നാസയും നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്‌മിനിസ്ട്രേഷനിലെ ശാസ്ത്രജ്ഞരും റിപ്പോർട്ട് ചെയ്യുന്നു. ഈ പ്രവണത തുടർന്നാൽ, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഓസോൺ പാളി പൂർണ്ണമായും വീണ്ടെടുക്കുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.
ഈ വർഷം സെപ്റ്റംബർ ഏഴിനും ഒക്ടോബർ 13-നും ഇടയിലുള്ള സീസണിൽ, ഓസോൺ ദ്വാരത്തിന്റെ ശരാശരി വലിപ്പം 7.23 ദശലക്ഷം ചതുരശ്ര മൈൽ ആയിരുന്നു. ഓസോൺ ദ്വാരം ഏറ്റവും വലുതായതും ശോഷണ സീസണിന് ശേഷം അത് ചുരുങ്ങാൻ തുടങ്ങുന്നതുമായ സമയമാണിത്. ഭൂമിയെ ദോഷകരമായ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ഓസോൺ പാളിയുടെ വീണ്ടെടുക്കൽ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നതിൻ്റെ ഒരു നല്ല സൂചനയാണ് വിള്ളലിൻ്റെ വലിപ്പത്തിലുള്ള കുറവെന്ന് ഗവേഷകർ പറയുന്നു.
