കുടുംബവിഷയങ്ങളിലുണ്ടാകുന്ന ആത്മഹത്യ തടയാൻ സാമൂഹിക ജാഗ്രത വേണമെന്ന് വനിതാ കമ്മീഷൻ


കണ്ണൂർ :- കുടുംബവിഷയങ്ങളിലുണ്ടാകുന്ന ആത്മഹത്യ തടയാൻ സാമൂഹികജാഗ്രത അനിവാര്യമാണെന്ന് അഡ്വ. പി.കുഞ്ഞായിഷ പറഞ്ഞു. സംസ്ഥാന വനിതാ കമ്മിഷൻ അംഗം അഡ്വ. പി.കുഞ്ഞായിഷയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ കേസുകൾ പരിഗണിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കുടുംബങ്ങളിൽ കൃത്യമായ ഇടവേളകളിൽ കൗൺസലിങ് ലഭ്യമാക്കുന്നതിന് എല്ലാ പഞ്ചായത്തുകളിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കേണ്ട സാഹചര്യമുണ്ട്. 

വ്യക്തികൾ നേരിടുന്ന മാനസിക പ്രയാസങ്ങൾക്ക് വീട്ടന്തരീക്ഷത്തിൽത്തന്നെ പരിഹാരം കാണാൻ ഈ സംവിധാനം സഹായകരമാകും. മാനസികാരോഗ്യ പരിപാലനത്തിന് ആവശ്യമായ ബോധവത്കരണ പരിപരിടികൾ പിഎച്ച്സികളിൽ ശക്തമാക്കണം. കുടുംബത്തിലുണ്ടാകുന്ന ചെറിയ വിഷയങ്ങൾ പോലും സ്ത്രീകളിൽ കടുത്ത മാനസികസമ്മർദം സൃഷ്ടിക്കുന്നുണ്ട്. ഇതിനായി പഞ്ചായത്തുകളിൽ ജാഗ്രതാസമിതികൾ ശക്തിപ്പെടുത്തി ആഴത്തിലുള്ള പ്രാദേശിക ഇടപെടലുകൾ നടത്തണം.

അദാലത്തിൽ 63 കേസുകൾ പരിഗണിച്ചു. ഇതിൽ 16 എണ്ണം പരിഹരിച്ചു. ഏഴ് കേസുകൾ പോലീസ് റിപ്പോർട്ടിനായും നാലെണ്ണം ജാഗ്രതാ സമിതിക്കും കൈമാറി. മൂന്ന് കേസുകൾ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറി. 33 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. ഗാർഹിക പീഡനം, കുടുംബപ്രശ്നം, വഴിത്തർക്കം, അൺ എയ്‌ഡഡ് മേഖലയിലെ ജോലിയുമായി ബന്ധപ്പെട്ട പരാതികൾ എന്നിവയാണ് പരിഗണിച്ചത്. അഭിഭാഷകരായ പദ്‌മജ പദ്മനാഭൻ, കെ.പി ഷിമ്മി, കൗൺസിലർ അശ്വതി രമേശൻ എന്നിവരും സിറ്റിങ്ങിൽ പരാതികൾ പരിഗണിച്ചു.

Previous Post Next Post