കണ്ണൂർ :- ക്രിസ്മസ് ആഘോഷങ്ങൾക്കായി നഗരത്തിലെ ദേവാലയങ്ങൾ ഒരുങ്ങി. ബുധനാഴ്ച രാത്രി ആരംഭിക്കുന്ന പാതിരാ കുർബാനയോടെയാണ് ഉണ്ണിയേശുവിൻ്റെ തിരുപ്പിറവിയുടെ ഓർമ്മപുതുക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമാകുക. തിരുപ്പിറവിക്ക് മുന്നോടിയായി വൈകുന്നേരത്തോടെ ദേവാലയങ്ങൾ കേന്ദ്രീകരിച്ച് വീടുകൾ തോറും കാരൾ നടക്കും. ദേവാലയങ്ങളിൽ പുൽക്കുടുകളും ക്രിസ്മസ്ട്രീകളും സജ്ജമാക്കിയിട്ടുണ്ട്. തിരുകർമങ്ങൾക്കു ശേഷം പള്ളികളിൽ പ്രാർഥന നടക്കും. വീടുകിളിലും ക്രിസ്മസ് കേക്ക് മുറിക്കും.
കണ്ണൂർ രൂപതയുടെ ഭദ്രാസന ദൈവാലയമായ ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ രാത്രി പത്തിന് കത്തീഡ്രൽ ഗ്രൗണ്ടിൽ കാരഗാനങ്ങൾ ആലപിക്കും. പുതിയതായി നിർമിച്ച ലൂർദ് മാതാവിൻ്റെ ഗ്രോട്ടോയുടെ ആശീർവാദകർമം 11-ന് കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്‌സ് വടക്കും തല നിർവഹിക്കും. 11.45-ന് ആഘോഷമായ പാതിരാകുർബാനയ്ക്ക് ബിഷപ്പ് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് കേക്ക് മുറിക്കലും മറ്റ് ആഘോഷങ്ങളും നടക്കും. 25-ന് രാവിലെ കുർബാനയുണ്ടാകും.
