തിരുവനന്തപുരം :- കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റു 118 പേർ മരിച്ചു. കൂടുതൽ മരണം കൊല്ലം ജില്ലയിലാണ് 21 പേർ. തിരുവനന്തപുരം (16), പാലക്കാട് (13), ആലപ്പുഴ(12), തൃശൂർ(11), എറണാകുളം, കോഴിക്കോട് (9 വീതം), പത്തനംതിട്ട, കണ്ണൂർ (7 വീതം), മലപ്പുറം (4), ഇടുക്കി, വയ നാട് (3 വീതം), കോട്ടയം(2), കാസർഗോഡ് (1) എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ മരണസംഖ്യ.
ഒന്നേകാൽ വയസ്സുള്ള പിഞ്ചുകുഞ്ഞ് മുതൽ തൊണ്ണൂറുകാരി വരെ ഈ കാലഘട്ടത്തിൽ തെരുവുനായയുടെ കടിയേറ്റു മരിച്ചു. പേവിഷബാധയേറ്റ 95% പേർക്കും വാക്സീൻ എടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യങ്ങൾ നോക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിനാണു ചുമതല. വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നു ഫാർമേഴ്‌സ് അവയർനെസ് റിവൈവൽ മുവ്മെൻ്റ് (ഫാം) ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസിന് ലഭിച്ച വിവരാവകാശ മറുപടി പ്രകാരം തദ്ദേശ വകുപ്പിൽ നിന്നോ ദുരിതാശ്വാസ നിധിയിൽ നിന്നോ ഇത്തരം മരണത്തിനും ചികിത്സാ ചെലവിനും നഷ്ടപരിഹാരം നൽകുന്നില്ല.
