SIR പരാതി സമർപ്പിക്കാനുള്ള തീയതി നീട്ടി ; ജനുവരി 30 വരെ പട്ടികയിൽ പേരുചേർക്കാം


തിരുവനന്തപുരം :- സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി ആക്ഷേപങ്ങളും അവകാശവാദങ്ങളും സമർപ്പിക്കാൻ കേന്ദ്ര തിരഞ്ഞെഞ്ഞെടുപ്പ് കമ്മിഷൻ സമയം നീട്ടിയതോടെ, ഈ മാസം 30 വരെ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ സമർപ്പിക്കാം. ഇങ്ങനെ അപേക്ഷ സമർപ്പിക്കുന്നവരുടെ രേഖകൾ കൃത്യമാണെങ്കിൽ ഫെബ്രുവരി 21ന് പുറത്തിറങ്ങുന്ന എസ്ഐആറിന്റെ അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെടും. എസ്ഐആർ കരടുപട്ടികയിൽ നിന്ന് ഒഴിവായവരും പുതുതായി പേരുചേർക്കുന്നവരുമായ സാധാരണ പൗരന്മാർ ഫോം 6ൽ ആണ് അപേക്ഷ നൽകേണ്ടത്. പ്രവാസി വോട്ടർമാരാണെങ്കിൽ ഫോം 6എയിൽ അപേക്ഷ നൽകണം. അവർക്ക് പാസ്പോർട്ട് ആണ് അടിസ്ഥാനരേഖ.

2002ലെ എസ്ഐആർ പട്ടികയിലുള്ള കുടുംബാംഗങ്ങളെ കൂട്ടിയിണക്കുന്ന തരത്തിലുള്ള വിവര ങ്ങൾ സമർപ്പിക്കേണ്ട ഡിക്ലറേഷൻ ഫോമും എല്ലാവരും നൽകണം. അത്തരം വിവരങ്ങൾ ലഭ്യമല്ലെങ്കിൽ അപേക്ഷകരുടെയും മാതാപിതാക്കളുടെയും ജനന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, കേന്ദ്ര-സംസ്ഥാന സർക്കാരുകളോ തദ്ദേശസ്ഥാപനങ്ങളോ പൊതുമേഖലാ സ്ഥാപനങ്ങളോ ബാങ്കുകളോ 1987ന് മുൻപ് നൽകിയ തിരിച്ചറിയൽ കാർഡ്, സംസ്ഥാന അധികാരികൾ നൽകിയ സ്‌ഥിരതാമസ സർട്ടിഫിക്കറ്റ്, അംഗീകൃത ബോർഡുകളോ സർവകലാശാലകളോ നൽകിയ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളിലൊന്നെങ്കിലും നൽകണം. മരിച്ചതോ സ്‌ഥലത്തില്ലാത്തതോ ആയവരുടെ പേര് നിലവിലെ കരടുപട്ടികയിലുണ്ടെങ്കിൽ അവ നീക്കംചെയ്യാൻ ഫോം 7ൽ അപേക്ഷ നൽകാം. 

കരടുപട്ടികയിൽ പേരുള്ളവർക്കു തിരുത്തലുകളോ സ്ഥലംമാറ്റമോ ആവശ്യമെങ്കിൽ അതിനായി ഫോം 8ലും അപേക്ഷിക്കാം. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെയോ (eci.gov.in) മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെയോ (ceo.kerala.gov.in) വെബ്സൈറ്റ്  വഴിയാണ് അപേക്ഷിക്കേണ്ടത്. ബൂത്ത് ലവൽ ഓഫിസർമാർക്ക് (ബിഎൽഒ) നേരിട്ട് ഫോം നൽകാമെങ്കിലും ഹിയറിങ് നോട്ടിസ് വിതരണത്തിന്റെ തിരക്കുകളിലായതിനാൽ പലരും അപേക്ഷ സ്വീകരിക്കുന്നില്ലെന്നു പരാതിയുണ്ട്.

Previous Post Next Post