വാഷിംഗ്‌ടൺ :- ബഹിരാകാശ ലോകത്തെ വിസ്മയിപ്പിച്ച ഇന്ത്യൻ വംശജ സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു. ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളം നീണ്ട തന്റെ അവിസ്‌മരണീയമായ ഔദ്യോഗിക ജീവിതത്തിനാണ് അറുപതാം വയസ്സിൽ അവർ വിരാമമിട്ടത്. മൂന്ന് ദൗത്യങ്ങളിലായി ആകെ 608 ദിവസങ്ങൾ ബഹിരാകാശത്ത് ചെലവഴിച്ച സുനിത, ലോകമെമ്പാടുമുള്ള വനിതകൾക്കും ശാസ്ത്ര പ്രേമികൾക്കും ഒരു വലിയ പ്രചോദനമായിരുന്നു. ഒൻപത് തവണയായി 62 മണിക്കൂർ ബഹിരാകാശത്ത് നടന്ന് സുനിത സ്ഥാപിച്ച റെക്കോർഡ് ഇന്നും തകർക്കപ്പെടാതെ തുടരുന്നു.
സുനിതയുടെ കരിയറിലെ അവസാന ദൗത്യം ഏറെ നാടകീയമായ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു എന്നതും ശ്രദ്ധേയമാണ്. 2024 ജൂണിൽ വെറും എട്ടു ദിവസത്തെ ദൗത്യത്തിനായി ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ സുനിതയ്ക്കും സഹയാത്രികൻ ബുച്ച് വിൽമോറിനും സാങ്കേതിക തകരാറുകൾ മൂലം അവിടെ തുടരേണ്ടി വന്നു. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ സ്പേസ് എക്സ് പേടകത്തിൽ 2025 മാർച്ചിലാണ് അവർ ഭൂമിയിൽ സുരക്ഷിതമായി തിരിച്ചെത്തിയത്. ഒരു വർഷത്തോളം നീണ്ട ആ പ്രതിസന്ധിഘട്ടത്തിലും തളരാതെ തൻ്റെ ജോലികൾ തുടർന്ന സുനിതയുടെ നിശ്ചയദാർഢ്യം ലോകം ഏറെ ആദരവോടെയാണ് നോക്കിക്കണ്ടത്.
നാസയുടെ പടിയിറങ്ങുമ്പോൾ 'മനുഷ്യ ബഹിരാകാശ യാത്രയിലെ വഴികാട്ടി' എന്നാണ് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ സുനിതയെ വിശേഷിപ്പിച്ചത്. ബഹിരാകാശത്ത് മാരത്തോൺ ഓടിയ ആദ്യ വ്യക്തി എന്ന സവിശേഷതയും സുനിതയ്ക്കുണ്ട്. യുഎസ് നേവിയിലെ സേവനത്തിന് ശേഷം 1998-ലാണ് അവർ നാസയിൽ ചേർന്നത്. നിലവിൽ ഇന്ത്യ സന്ദർശിച്ചുകൊണ്ടിരിക്കുന്ന സുനിത വില്യംസ്, ബഹിരാകാശത്തെ ഇന്ത്യയുടെ അഭിമാനമായി മാറിയാണ് തന്റെറെ ഔദ്യോഗിക ജീവിതത്തിന് തിരശ്ശീലയിടുന്നത്.
