നാഗർകോവിൽ-മംഗളൂരു അമൃത് ഭാരത് എക്സ്‌പ്രസ് സർവീസ് കോട്ടയം വഴി ; കണ്ണൂരിലും സ്റ്റോപ്പ്


കണ്ണൂർ :- അമൃത് ഭാരത് എക്സ്‌പ്രസ് തീവണ്ടികളുടെ റൂട്ട് പ്രഖ്യാപിച്ചു. നാഗർകോവിൽ-മംഗളൂരു വണ്ടി (16329/16330) കോട്ടയം വഴിയായിരിക്കും ഓടുക. ചൊവ്വാഴ്ച രാവിലെ 11.40-ന് നാഗർ കോവിലിൽനിന്ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ മംഗളൂരുവിൽ എത്തും. മംഗളൂരുവിൽ നിന്ന് ബുധനാഴ്ച രാവിലെ 8 ന് പുറപ്പെട്ട് രാത്രി നാഗർകോവിലിൽ എത്തും. പ്രതിവാര വണ്ടിയാണെങ്കിലും തിരുവനന്തപുരം-കാസർഗോഡ്  യാത്രക്കാർക്ക് ഗുണകരമാകും. 20 സ്റ്റേഷനുകളിലാണ് സ്റ്റോപ്പ്. 

കാസർഗോഡ് വിട്ടാൽ അടുത്ത സ്റ്റോപ്പ് കണ്ണൂർ മാത്രമാണ്. ഇതിനിടയിലെ എട്ട് പ്രധാന സ്റ്റേഷനുകളിലെ യാത്രക്കാർക്ക് ഈ വണ്ടി പിടിക്കാനാകാത്തത് തിരിച്ചടിയാണ്. മംഗളൂരു ജങ്ഷനിലാണ് വണ്ടി എത്തുക. വെള്ളിയാഴ്ച രാവിലെ 10.45-ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വണ്ടികൾ ഫ്ലാഗ് ഓഫ് ചെയ്യും. 22 കോച്ചുള്ള അമൃത് ഭാരത് 1, 2 പതിപ്പിൽ എസി കോച്ചുകളില്ല, ജനറൽ കോച്ചുകളും സ്ലീപ്പർ കോച്ചുകളുമാണ്. തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ് എന്നിവയാണ് മറ്റു രണ്ട് അമൃത് ഭാരത് വണ്ടികൾ.

അമൃത് ഭാരത് സ്ലോപ്പുകൾ

തിരുവനന്തപുരം, വർക്കല, ശിവഗിരി, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കാസർകോട്, മംഗളൂരു ജങ്ഷൻ (റെയിൽവേ ബോർഡ് അംഗീകരിച്ച സ്റ്റേഷനുകൾ ദക്ഷിണ റെയിൽവേ വിലയിരുത്തിയ ശേഷമായിരിക്കും സമയക്രമം പ്രഖ്യാപിക്കുക. സ്റ്റേഷനുകളിലും ചിലപ്പോൾ മാറ്റം വരാം). തിരുവനന്തപുരം നോർത്ത്-ചർളപ്പള്ളി അമൃത് ഭാരത് പാലക്കാട് വഴി ഓടും. കേരളത്തിലെ 15 സ്റ്റേഷനുകളിൽ നിർത്തും.

വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അമൃത് ഭാരത് വണ്ടികളുടെ ഫ്ലാഗ് ഓഫ് ചെയ്യുമ്പോൾ കേരളത്തിന് വന്ദേസ്ലീപ്പർ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം-ചെന്നൈ (922 കിലോമീറ്റർ), തിരുവനന്തപുരം-ബെംഗളൂരു (844 കിലോമീറ്റർ) തിരുവനന്തപുരം-മംഗളൂരു (631 കിലോ മീറ്റർ) എന്നീ റൂട്ടുകളിലാണ് കേരളത്തിന് വന്ദേസ്ലീപ്പർ പ്രതീക്ഷ.

Previous Post Next Post