സ്ത്രീകൾക്ക് 1000 രൂപയുടെ സുരക്ഷാ പദ്ധതി ; ഇതുവരെ ലഭിച്ചത് 10 ലക്ഷം അപേക്ഷകൾ, ഒഴിവാക്കിയത് അർഹരല്ലാത്ത ഒരു ലക്ഷം പേരെ


തിരുവനന്തപുരം :- പ്രതിമാസം 1000 രൂപ ധനസഹായം നൽകാനായി സർക്കാർ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്കായി ലഭിച്ച അപേക്ഷകളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഇതുവരെ ഒരു ലക്ഷത്തിൽപരം അപേക്ഷകൾ അർഹമല്ലെന്നു കണ്ട് ഓൺലൈൻ പരിശോധനയിൽ തന്നെ നിരസിച്ചു. ഡിസംബർ 22 മുതലാണ് അപേക്ഷകൾ തദ്ദേശ വകുപ്പിനു കീഴിലെ കെ സ്മാർട് സംവിധാനം വഴി സ്വീകരിച്ചു തുടങ്ങിയത്. ksmart/lsgkerala/.gov.in എന്ന വെബ്സൈറ്റ് മുഖേന അതത് തദ്ദേശ സ്‌ഥാപന സെക്രട്ടറിമാർക്കാണ് അപേക്ഷിക്കേണ്ടത്.

ഓൺലൈനായി അപേക്ഷിക്കുമ്പോൾ തന്നെ 6 ഘട്ട പരിശോധനകൾ നടത്തുന്ന തരത്തിലാണു സംവിധാനം. കേരളത്തിൽ സ്ഥിരതാമസക്കാരായ 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ അംഗങ്ങളായ സ്ത്രീകൾക്കും ട്രാൻസ്ട്രുമൺ വിഭാഗത്തിൽപെട്ടവർക്കുമാണ് അപേക്ഷിക്കാനാവുക. 

മറ്റു സാമൂഹിക ക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്തവരാകണമെന്നു നിബന്ധനയുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാർ സർവീസിലോ സർക്കാർ ഉടമസ്‌ഥതയിലുള്ള സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്‌ഥാനത്തിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. അർഹരെ കണ്ടെത്തുന്നതിന്റെ ഭാഗമായി, വിവിധ വകുപ്പുകളുടെ പരിശോധനയുണ്ടാകും. തുടർന്നാണു പ്രായം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകി അപേക്ഷിക്കാനാകുക. അർഹതയുള്ളവരുടെ പട്ടിക തയാറാക്കി നേരിട്ടുള്ള പരിശോധന പിന്നീടു നടത്തും.

Previous Post Next Post