കൊച്ചി :- മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ ചക്കരക്കൽ സ്വദേശിയായ പ്രവാസിയെ മാലമോഷണക്കേസിൽ ആളുമാറി അറസ്റ്റു ചെയ്ത് 54 ദിവസം ജയിലിലടച്ച സംഭവത്തിൽ സർക്കാർ 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പബ്ലിക് ലോ റെമഡി അനുസരിച്ചാണ് ജസ്റ്റിസ് പി.എം മനോജിൻ്റെ സുപ്രധാന ഉത്തരവ്. തലശ്ശേരി സ്വദേശി വി.കെ താജുദ്ദീനും കുടുംബത്തിനുമാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഈ തുക താജുദ്ദീനെ ജയിലിലടച്ച കണ്ണൂർ ചക്കരക്കൽ പോലീസ് സ്റ്റേഷൻ എസ്.ഐയായിരുന്ന പി.ബിജു, എഎസ്ഐ മാർ ആയിരുന്ന യോഗേഷ്, ടി.ഉണ്ണികൃഷ്ണൻ തുടങ്ങിയവരിൽ നിന്ന് ഈടാക്കുന്നത് സർക്കാരിന് തീരുമാനിക്കാം. അഡ്വ. ടി.ആസിഫലി വഴി ഫയൽ ചെയ്ത ഹർജിയിലാണ് നടപടി.
10 ലക്ഷം രൂപ താജുദ്ദീനും ഒരു ലക്ഷം രൂപ വീതം ഭാര്യക്കും മൂന്നു മക്കൾക്കും നൽകാനാണ് ഉത്തരവ്. പോലീസിൻ്റെ ഭാഗത്തുനിന്ന് ഉത്തരവാദിത്വമില്ലാത്ത നടപടിയുണ്ടാകരുതെന്ന് കോടതി പറഞ്ഞു. ഖത്തറിൽ ജോലി ചെയ്യുന്ന ഇദ്ദേഹം 2018 ജൂൺ 25-ന് അവധിക്ക് നാട്ടിലെത്തി. ജൂലായ് 11-ന് രാത്രി താജുദ്ദീനേയും കുടുംബത്തേയും പോലീസ് പിടികൂടി സ്റ്റേഷനിലേക്കു കൊണ്ടുപോയി. ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സിസിടിവി ദൃശ്യത്തിലുള്ളത് താജുദ്ദീൻ ആണെന്ന് പറഞ്ഞായിരുന്നു ഇത്. പിന്നീടുള്ള അന്വേഷണത്തിൽ ശരത് വത്സരാജ് എന്നയാളാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. അറസ്റ്റിനെത്തുടർന്ന് മടങ്ങാൻ വൈകിയതിന് ഖത്തറിലും 23 ദിവസം താജുദ്ദീൻ ജയിലിലായി. ജോലിയും നഷ്ടപ്പെട്ടു. സർക്കാർ സംവിധാനം പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിലാണ് പബ്ലിക് ലോ റെമഡി പ്രകാരം നഷ്ടപരിഹാരം നൽകാൻ കോടതികൾ ഉത്തരവിടുന്നത്.
