ധർമ്മശാല :- ധർമ്മശാല കെൽട്രോൺ നഗറിലെ അടിപ്പാതയിലൂടെ ബസുകൾ ഓടിത്തുടങ്ങി. പുതിയ അടിപ്പാത നിർമാണത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചുമാസമായി ബസുകൾ അടക്കം ആറുകിലോമീറ്ററുകളോളം ചുറ്റിയാണ് മറുഭാഗത്തെത്തി ചെറുകുന്ന് ഭാഗത്തേക്ക് സർവീസ് നടത്തിയിരുന്നത്. ദേശീയപാതാ വികസനത്തിന്റെ പദ്ധതിരേഖയിൽ ബസുകൾക്ക് ചെറുകുന്ന് ഭാഗത്തേക്ക് കടക്കാൻ കെൽട്രോൺ നഗറിൽ അടിപ്പാത എന്ന നിർദേശമേ ഉണ്ടായിരുന്നില്ല.
തുടർന്ന് പ്രതിഷേധം ശക്തമായതോടെയാണ് നാല് മീറ്റർ വീതിയിലും മൂന്നു മീറ്റർ ഉയരത്തിലും ഉള്ള അടിപ്പാതാ നിർമാണം നടത്തിയത്. എന്നാൽ, ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾക്ക് അത്തരം അടിപ്പാതയിലൂടെ കടക്കാൻ സാധിക്കില്ലയെന്ന് അറിഞ്ഞിട്ടും ചെറിയ അടിപ്പാത നിർമിക്കുകയായിരുന്നു. എന്നാൽ പ്രതിഷേധം വീണ്ടും കടുത്തതോടെ പ്രയോജനമില്ലാത്ത രീതിയിൽ അളവിൽ ചെറിയ മാറ്റം വരുത്തി നാല് മീറ്റർ വീതിയിലും 3.5 മീറ്റർ ഉയരത്തിലും ഉള്ള അടിപ്പാതയും നിർമിച്ചു. ലക്ഷങ്ങൾ പാഴാക്കി നിർമിച്ച ആ അടിപ്പാതയും ബസുകൾക്ക് അടക്കം കടക്കാൻ സാധിക്കില്ലെന്ന് വ്യക്തമായതോടെ പ്രതിഷേധം പല ഭാഗത്തു നിന്നും നിന്നും ഉയർന്നു.
അതിനിടയിൽ താഴെ ബക്കളത്ത് 10 മീറ്റർ വീതിയിലും നാല് മീറ്റർ ഉയരത്തിലും ഉള്ള വലിയ അടിപ്പാതയുടെ നിർമാണം തുടങ്ങിയതോടെ കെൽട്രോൺനഗറിൽ വീണ്ടും ആശങ്ക ഉയർന്നു. എം.വി ഗോവിന്ദൻ എംഎൽഎയുടെ ശക്തമായ ഇടപെടലിലെത്തുടർന്നാണ് രണ്ടുകോടിയിലധികം ചെലവിട്ട് 10 മീറ്റർ വീതിയിലും നാല് മീറ്റർ ഉയരത്തിലും ഉള്ള പുതിയ അടിപ്പാത കെൽട്രോൺനഗറിൽ യാഥാർഥ്യമായത്. പുതിയ അടിപ്പാതയിലൂടെ കഴിഞ്ഞദിവസം മുതൽ ബസുകൾ ഓടി ത്തുടങ്ങിയതോടെ ബസ് സർവീസിൽ നേരിട്ടിരുന്ന സമയനഷ്ടവും ഇന്ധനനഷ്ടവും ഒഴിവായതിന്റെ ആശ്വാസത്തിലാണ് ബസ് ജീവനക്കാരും.
