മധുര:-ശരീരഭാരം കുറയ്ക്കാനായി യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ചതിനെ തുടർന്ന് 19 വയസുകാരി മരിച്ചു. തമിഴ്‌നാട്ടിലെ മധുരയിലാണ് ദാരുണമായ സംഭവം. മീനമ്പൽപുരം സ്വദേശിനിയും കോളേജ് വിദ്യാർത്ഥിനിയുമായ കലയരസിയാണ് മരിച്ചത്.
ശരീരഭാരം കുറയ്ക്കുമെന്ന് കരുതി കലയരസി വെങ്ങാരം (ബോറാക്‌സ്) വാങ്ങി കഴിക്കുകയായിരുന്നു. സമീപത്തെ ഒരു മരുന്ന് കടയിൽ നിന്നാണ് ഇത് വാങ്ങിയതെന്ന് പോലീസ് വ്യക്തമാക്കി. ജനുവരി 16ന് മരുന്ന് കഴിച്ച കലയരസിക്ക് പിറ്റേന്ന് രാവിലെ കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ വൈകുന്നേരത്തോടെ ആരോഗ്യനില ഗുരുതരമായി മോശമായി. തുടർന്ന് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജനുവരി 18ന് കലയരസിയുടെ പിതാവ് വേൽമുരുഗൻ സെല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
