ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ ; ഒന്നാം പ്രതി എം സി അനൂപിന് അനുവദിച്ചത് 20 ദിവസത്തെ പരോൾ
കണ്ണൂർ :- ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിക്ക് വീണ്ടും പരോൾ. ഒന്നാം പ്രതി എം സി അനൂപിനാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പരോൾ അനുവദിച്ചത്. 20 ദിവസത്തേക്കാണ് പരോൾ നൽകിയിരിക്കുന്നത്. സ്വാഭാവിക പരോൾ എന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. അതേ സമയം, ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതിബാബുവിൻ്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ആരോഗ്യ-കാരണങ്ങളാലാണ് ജാമ്യാപേക്ഷ. ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ചപ്പോൾ സർക്കാർ എതിർത്തിരുന്നില്ല. ഭരണ കക്ഷിയിൽപ്പെട്ട ആളായതിനാലാണ് സർക്കാർ എതിർക്കാത്തതെന്നും ജ്യോതിബാബുവിന് ജാമ്യം നൽകരുതെന്നും കെ.കെ.രമയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. ഹൈക്കോടതി ശിക്ഷ വിധിച്ചതിനെതിരെ പ്രതികളെല്ലാം നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
