കൊച്ചി :- ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഫ്യൂവൽ ട്രെയിൻ, നമോ ഗ്രീൻ ട്രെയിൻ ഈ മാസം 26 നു പരീക്ഷണ ഓട്ടം നടത്തും. ട്രെയിനിൽ ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന ജോലികൾ ഹരിയാനയിലെജിന്ദ് റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ചതായി ഫ്ലൂയിട്രോൺ ഗ്ലോബൽ സെയിൽസ് ഡയറക്ടർ മോട്ടി ഐപ് തോമസ് പറഞ്ഞു. കൊച്ചിയിലെ ഫ്ലൂയി ട്രോൺ കമ്പനിയാണു ഹൈഡ്രജൻ ഫില്ലിങ് ജോലികൾ നിർവഹിക്കുന്നത്. റിസർച് & ഡവലപ്മെന്റ് ഓർഗനൈസേഷന്റെ (ആർ ഡിഎസ്‌ഒ) അനുമതി ലഭിച്ചാൽ നോർത്തേൺ റെയിൽവേയിലെ ജിന്ദ്- സോനിപത്ത് സ്റ്റേഷനുകൾക്കിടയിൽ 90 കിലോമീറ്റർ ദൂരത്തിൽ രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിക്കും. ലോകത്ത് ആകെ 5 രാജ്യങ്ങളിൽ മാത്രമാണു നിലവിൽ ഹൈഡ്രജൻ ട്രെയിൻ സർവീസ്. ബ്രോഡ് ഗേജിൽ ലോകത്തെ ഏറ്റവും നീളം കൂടിയ ട്രെയിനാണ് ഇന്ത്യയിലേത്. 10 കോച്ചുകൾ. 2500 പേർക്ക് യാത്ര ചെയ്യാം. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണു കോച്ചുകളുടെ നിർമാണം. മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ വരെ ട്രെയിനിനു വേഗം കൈവരിക്കാം. ഓട്ടമാറ്റിക് ഡോറുകളുള്ള ട്രെയിനിൽ വാതിൽ പൂർണമായി അടഞ്ഞാൽ മാത്രമേ ട്രെയിൻ മുന്നോട്ടു നീങ്ങു.
അമേരിക്കയിലെ ഫ്ലൂയിട്രോൺ കമ്പനിയുടെ കൊച്ചിയിലെ ശാഖയാണു ഫ്ലൂയിട്രോൺ ഇന്ത്യ. കമ്പനിയുടെ കോയമ്പത്തൂരിലെ പ്ലാന്റിൽ ട്രെയിനിനു വേണ്ട ഡിസ്പൻസറുകൾ നിർമിച്ചു. കംപ്രഷൻ യൂണിറ്റ് ഫ്ലൂയിട്രോണിന്റെ പെൻസിൽവേനിയയിലെ ആസ്ഥാനത്തു നിന്നു കൊണ്ടുവന്നു. സ്പെയിനിലെ എച്ച്2ബി2 കമ്പനിയുടെ ഇന്ത്യൻ സംരംഭമായ ഗ്രീൻ എച്ച് ആണു ഹൈഡ്രജൻ ഇന്ധനം ഉൽപാദിപ്പിക്കുന്നത്.2023 ഫെബ്രുവരിയിൽ സർക്കാർ പ്രഖ്യാപിച്ച 35 ഹൈഡജൻ ട്രെയിനുകളിൽ ആദ്യത്തേ താണ് ഇത്. ഓരോ ട്രെയിനിനും 80 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. ജിന്ദ്- സോനിപത്ത് ലെയ്നിൽ അടിസ്ഥാന സൗകര്യങ്ങൾക്കായി 111.83 കോടി രൂപ ചെലവായി. ഹൈഡ്രജൻ ട്രെയിനുകൾക്ക് തുടക്കത്തിൽ ഇന്ധനച്ചെലവു കൂടുമെങ്കിലും ട്രെയിനുകൾ വ്യാപകമാകുന്നതോടെ കൂടുതൽ ലാഭകരമാകും.
