കണ്ണൂർ :- കുടുംബശ്രീ മിഷൻ വിജ്ഞാന കേരളത്തിന്റെ സഹകരണത്തോടെ ജില്ലയിലെ 30,000 സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കും. സാന്ത്വന പരിചരണം, നിർമാണ മേഖല, സ്ക്‌കിൽ അറ്റ് കോൾ, ഷോപ്പ് അറ്റ് ഡോർ, പരമ്പരാഗത ജോലികൾ എന്നീ മേഖലകളിലാണ് തൊഴിൽ നൽകുക. ഇലക്ട്രിഷ്യൻ പ്ലമർ, പെയ്ൻറർ, ഗാർഡനിങ്, ലാൻഡ് സ്കേപ്പിങ്, ലോൺട്രി, അയേണിങ് സർവീസ്, മൊബൈൽകാർ വാഷ് തുടങ്ങി വീടുകളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ അറ്റകുറ്റപ്പണി പരിപാലന സേവനങ്ങൾ നൽകുന്നതാണ് സ്‌കിൽ അറ്റ് കോൾ. താൽപര്യമുള്ള മേഖലകൾ പരിഗണിച്ച് കുടുംബശ്രീയിൽ എം പാനൽ ചെയ്‌ത സ്‌കിൽ ട്രെയ്‌നിങ് ഇൻസ്റ്റിറ്റ്യൂട്ട്, റൂഡ്സെറ്റ് എന്നി വിടങ്ങളിൽ പരിശീലനം നൽകിയ ശേഷമാണ് നിയമനം.
സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവും മാനസികവുമായ ഉന്നമനം ലക്ഷ്യമിട്ട് സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങളും തുല്യനീതിയും ഉറപ്പാക്കാൻ ഒരുക്കുന്ന സമഗ്രമായ പദ്ധതിയാണ് 'ഉയരെ' സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 20 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തുന്നതോടൊപ്പം സ്ത്രീകളിൽ സംരംഭകത്വം വളർത്തുക, ദാരിദ്ര്യ നിർമാർജനം സാധ്യമാക്കുക, വേതനാധിഷ്ഠിത തൊഴിലുകൾക്കു മുൻഗണന നൽകി സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുക എന്നിവയും ഇതിന്റെ ഭാഗമാണ്. ക്യാംപെയ്ൻ ഏപ്രിൽ 30ന് അവസാനിക്കും.
