SIR കരടുപട്ടിക ; നോട്ടീസ് ലഭിച്ചവർക്കുള്ള ഹിയറിങ് ആരംഭിച്ചു


തിരുവനന്തപുരം :- സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി തയാറാക്കിയ കരടു പട്ടികയിൽ ഇതുവരെ നോട്ടിസ് ലഭിച്ച 1.3 ലക്ഷം പേരിൽ പതിനായിരത്തിൽപരം പേർക്കുള്ള ഹിയറിങ് വിവിധ ജില്ലകളിൽ പോളിങ് ബൂത്ത് അടിസ്ഥാനത്തിൽ ആരംഭിച്ചു. പോളിങ് ബൂത്തുകളായി പ്രവർത്തിക്കേണ്ട കെട്ടിടങ്ങളിൽ തന്നെയാണു മിക്കയിടത്തും ഹിയറിങ്. ആകെ 18.7 ലക്ഷം നോട്ടിസുകളാണ് ഇതുവരെ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരായ (ഇആർഒ) ഉദ്യോഗസ്ഥർ തയാറാക്കിയത്. നോട്ടിസുകൾ വോട്ടർമാർക്കു വീട്ടിലെത്തിച്ചു നൽകുന്നത് ബൂത്ത് ലവൽ ഓഫിസർമാരാണ് (ബിഎൽഒ).

ഇആർഒമാരുടെ കീഴിലുള്ള അസി. ഇആർഒമാരാണ് ഹിയറിങ് നടത്തുന്നത്. ബിഎൽഒമാരുടെ സാന്നിധ്യവും ഹിയറിങ് സമയത്തുണ്ടാകും. നോട്ടിസ് ലഭിച്ചവർക്ക് അതേദിവസം തന്നെ ഹാജരാകാൻ സാധിക്കുന്നില്ലെങ്കിൽ അക്കാര്യം ബിഎൽഒ വഴി അറിയിച്ചാൽ മറ്റൊരു ദിവസത്തേക്കു മാറ്റാൻ സൗകര്യം ഒരുക്കാൻ നിർദേശമുണ്ട്. നോട്ടിസുകളിൽ നിർദേശിച്ചിട്ടുള്ള രേഖകൾ ഹാജരാക്കണം. ചിലർക്ക് സ്വന്തം രേഖകൾ മതിയാകും. മറ്റു ചിലർക്ക് മാതാപിതാക്കളുടെ രേഖകൾ ആവശ്യമാണ്. 2002 ലെ എസ്ഐആർ പട്ടികയുമായി കൂട്ടിയിണക്കാൻ സാധിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്താതിരിക്കുകയോ ഇതിൽ പിഴവുകൾ വരുത്തുകയോ ചെയ്തവർക്കാണ് നോട്ടിസ് അയയ്ക്കുന്നത്. 

രേഖകൾ ഹാജരാക്കിയവരെ ഹിയറിങ്ങിൽ നിന്ന് ഒഴിവാക്കണമെന്ന് ഇആർഒമാർക്കു വാക്കാൽ നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിങ് കേന്ദ്രങ്ങൾ സജ്ജീകരിക്കാനും അതിനായി അടിസ്‌ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനും കലക്ടർമാരെ സർക്കാർ ചുമതലപ്പെടുത്തി. ആവശ്യമെങ്കിൽ വൊളന്റിയർമാരെയും നിയോഗിക്കും. ബൂത്ത് ലവൽ ഓഫിസർമാരെ നിയോഗിക്കാത്തതോ ഒഴിവുള്ളതോ ആയ പോളിങ് സ്റ്റേഷനുകളിൽ 2 ദിവസത്തിനകം തന്നെ നിയമനം നടത്തണം. ഇആർഒ, എഇആർഒ, അഡിഷനൽ എഇആർഒ തസ്‌തികകളിൽ വിരമിക്കൽ മുഖേന ഉണ്ടാകുന്ന ഒഴിവുകൾ ഉടനടി നികത്തും.

Previous Post Next Post