കണ്ണൂർ :- കണ്ണൂർ ഫോർട്ട് റോഡിൽ കണ്ണൂർ കോർപറേഷന്റെ മൾട്ടി ലവൽ കാർ പാർക്കിങ് കേന്ദ്രത്തിനു മുന്നിൽ റീത്തുകൾ സമർപ്പിച്ച നിലയിൽ. ഇന്നലെ രാവിലെയാണ് 3 റീത്തുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. നിർമാണം നിലച്ച കാർ പാർക്കിങ് കേന്ദ്രത്തിൽ നിന്ന് നീക്കം ചെയ്‌ത മണ്ണ് സമീപത്തെ തിരക്കേറിയ പൊതുവഴിയിൽ തള്ളിയിട്ട് 2 മാസത്തിലധികമായി.
കാർ പാർക്കിങ്ങിന്റെ ഇരുവശത്തെ റോഡരികിലും കാൽനടയാത്ര പോലും ദുഷ്കരമാകും വിധമാണ് മണ്ണു കൂട്ടിയിട്ടിട്ടുള്ളത്. ഇതിനിടയിലാണ് മൺകുനയ്ക്ക് മുകളിൽ റീത്ത് വച്ചുള്ള പ്രതിഷേധമെന്നാണു സൂചന. മൾട്ടി ലവൽ കാർ പാർക്കിങ് കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ച് വർഷം 5 കഴിഞ്ഞിട്ടും പൊളിച്ചു നീക്കപ്പെട്ട ബസ് ഷെൽട്ടറിനു പകരം താൽക്കാലിക പരിഹാരം പോലും ഉണ്ടാക്കാൻ കോർപറേഷൻ തയാറായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
