കുന്നത്തൂർ പാടിയിൽ വൻ ഭക്തജനത്തിരക്ക് ; ഒഴുകിയെത്തുന്നത് ആയിരങ്ങൾ


ശ്രീകണ്ഠപുരം :- കുന്നത്തൂർ പാടി മുത്തപ്പൻ ദേവസ്ഥാനത്തേക്ക് ഒഴുകിയെത്തി വിശ്വാസികൾ. അവധി ദിവസങ്ങളിൽ വൻ തിരക്കാണ് പാടിയിൽ അനുഭവപ്പെടുന്നത്. കർണാടകയിലെ വിവിധ മനകളിലെ കുടുംബാംഗങ്ങളും, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വ്യാപാരികളും മുത്തപ്പദർശനത്തിനെത്തി. പറശിനി മടപ്പുര, കൊല്ലറേത്ത്, വെള്ളുവ, തിക്കല്ല് കുടുംബാംഗങ്ങളും കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നും കെഎസ്ആർടിസി ബജറ്റ് ടൂറിസം ബസുകളും സ്പെഷൽ പാക്കേജ് വഴി പാടിയിലെത്തി. കയറ്റം കാരണം കുന്നത്തൂർ കവലയിലാണ് ഭക്തരെ ഇറക്കിയത്. വഴിപാടുകൾ നടത്താനും തിരക്ക് അനുഭവപ്പെട്ടു. പയ്യാവൂർ കാഞ്ഞിരക്കൊല്ലി റോഡിന് വീതിയില്ലാത്തത് ഗതാഗതക്കുരുക്കിന്കാരണമായി. ചാമക്കാൽ വരെ വാഹനക്കുരുക്ക് നീണ്ടു. 

ഒരേ സമയം രണ്ടു ബസുകൾക്ക് കടന്നുപോകാൻ പലയിടത്തും റോഡിന് വീതിയില്ല. വനം വകുപ്പ് ജീവനക്കാരും പോലീസും ക്ഷേത്ര വൊളന്റിയർമാരും പ്രദേശവാസികളും ഏറെ പാടുപെട്ടാണ് വിശ്വാസികളെ മലകയറ്റിയത്. അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിടുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. താഴെ പൊടിക്കളത്ത് അന്നദാനം രാത്രി വരെ നീണ്ടു. വനംവകുപ്പിന്റെയും പോലീസ്സിന്റെയും കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.എല്ലായിടത്തും നിരീക്ഷണ ക്യാമറകൾ ഉണ്ട്. കാട്ടിൽ പ്ലാസ്‌റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്ന നിമിഷം പിടികൂടാൻ വനം വകുപ്പ് സജീവമായി രംഗത്തുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ തിരക്കു കൂടാനാണ് സാധ്യത. ഒരു മാസം നീളുന്ന ഉത്സവം ജനുവരി 15 ന് സമാപിക്കും.

Previous Post Next Post