വാർഡ് വിഭജനം ; പുതിയ വീട്ടുനമ്പർ ഈ മാസം മുതൽ, സംസ്ഥാനത്ത് ഒന്നരക്കോടിയിലേറെ കെട്ടിടങ്ങൾക്ക് പുതിയ നമ്പർ


തിരുവനന്തപുരം :- സംസ്ഥാനത്ത് വീടുകൾ ഉൾപ്പെടെ ഒന്നരക്കോടിയിലേറെ വരുന്ന കെട്ടിടങ്ങളുടെ നമ്പർ ഈ മാസം മാറും. ഇതിൽ 1.10 കോടി, വീടുകളും അപ്പാർട്മെന്റുകളും ഫ്ലാറ്റുകളുമാണ്. 46 ലക്ഷം വാണിജ്യ ആവശ്യത്തിനുള്ളവയും. വാർഡ് വിഭജനത്തിനു ശേഷം തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപുതന്നെ നടക്കേണ്ട നമ്പർ മാറ്റമാണ് അൽപം വൈകി നടപ്പാക്കുന്നത്. തദ്ദേശ വകുപ്പിന്റെ സേവനങ്ങൾ നൽകുന്ന കെ സ്മാർട്ട് ആപ്ലിക്കേഷനിൽ നമ്പർ ക്രമീകരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതത് കോർപറേഷനുകളും നഗരസഭകളും പഞ്ചായത്തുകളുമാണ് ഇതു നടപ്പാക്കേണ്ടത്. അതിനുള്ള മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്. ഒന്നാം വാർഡിലെ ഒന്നാംനമ്പർ കെട്ടിടമെന്നു സുചിപ്പിക്കുന്ന തരത്തിൽ 1/1 എന്ന മാതൃകയിലാണു കെട്ടിട നമ്പറുകൾ നൽകുന്നത്. ആദ്യത്തെ ഭാഗം വാർഡിനെയും തുടർന്നുള്ളതു കെട്ടിടത്തെയും സൂചിപ്പിക്കുന്നു.

കെ സ്മാർട്ടിൽ ഓരോ വാർഡിലെയും ഭൂപ്രദേശങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയിട്ടുള്ളതിനാൽ അതിലെ ആകെകെട്ടിടങ്ങൾ ആദ്യം കണക്കാക്കും. തുടർന്ന് കെട്ടിടങ്ങളെ അതതു വാർഡുകളിലേക്കു മാറ്റുകയും 1 മുതൽ ക്രമമായി നമ്പർ നൽകുകയുമാണു ചെയ്യുക. മുൻപ് പുതിയ കെട്ടിടങ്ങൾ വരുമ്പോൾ തുടർച്ച നഷ്ടപ്പെടാതിരിക്കാൻ കെട്ടിടനമ്പറിൻ്റെ അവസാനം എ,ബി,സി എന്നിങ്ങനെ ഇംഗ്ലിഷ് അക്ഷരങ്ങൾ നൽകിയിരുന്നു. അത് ഒഴിവാക്കാനായി, ഭാവിയിൽ വരാൻ സാധ്യതയുള്ള കെട്ടിടങ്ങൾക്കായി ചില ഡോർ നമ്പറുകൾ (കെട്ടിട നമ്പറുകൾ) റിസർവ് ചെയ്യാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നരക്കോടിയിലേറെ കെട്ടിടങ്ങളുടെ നമ്പർ മാറുമ്പോൾ പൊതുജനങ്ങൾ അവരുടെ വ്യക്തിഗത തിരിച്ചറിയൽ കാർഡുകൾ ഉൾപ്പടെയുള്ള രേഖകളിൽ അതനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടി വരും. വീടുകളിൽ വ്യക്തികൾക്കു രേഖകൾ മാറ്റേണ്ടി വരുമ്പോൾ, താമസ ഇതര-വാണിജ്യ കെട്ടിടങ്ങളുടെ ഉടമകൾക്ക് ലൈസൻസിനും മറ്റുമായി ഇത്തരം ഒട്ടേറെ രേഖകളിൽ മാറ്റം ആവശ്യമാണ്. കെട്ടിട നമ്പർ ഇടയ്ക്ക് മാറ്റേണ്ടി വരുന്നത് ഒഴിവാക്കാൻ ഡിജി പിൻ പോലുള്ള നടപടികൾ സർക്കാർ നേരത്തേ പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കാനായില്ല.

Previous Post Next Post