ഇരിട്ടി :- കേരളത്തിന്റെ വടക്കേ ഭാഗത്തുള്ള സംരക്ഷിത വനമേഖലയായ ആറളം വന്യജീവി സങ്കേതത്തെ ചിത്രശലഭസങ്കേതമായി പുനർനാമകരണം ചെയ്ത് ഉത്തരവായി. ആറളത്തെ ശലഭസർവേയിൽ കണ്ടെത്തിയ ശലഭവൈവിധ്യം കണക്കിലെടുത്ത് സങ്കേതത്തെ ശലഭസങ്കേതമായി കഴിഞ്ഞവർഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. 1984-ലാണ് ആളത്തെ വന്യ ജീവിസങ്കേതമായി പ്രഖ്യാപിച്ചത്. ഭൂപ്രകൃതിയിലും സസ്യസമ്പത്തിലും വൈവിധ്യം പുലർത്തുന്ന വനമേഖലയായതുകൊണ്ട് വന്യജീവി ജൈവവൈവിധ്യത്തിലും സമ്പന്നമാണ് ആറളം വന്യജീവിസങ്കേതം.
25 വർഷങ്ങളായി ചിത്രശലഭങ്ങളെ ആറളം വന്യജീവിസങ്കേതത്തിൽ നിരീക്ഷിച്ചുവരുന്നു. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ മലനിരകളിൽ നിന്ന് നദികളിലൂടെയും തോടുകളിലൂടെയും മറ്റു തുറസ്സായ പാതകളിലൂടെയും പൂമാലപോലെ ആൽബട്രോ ശലഭങ്ങൾ ഒഴുകിവരുന്നതും മഡ് പഡിങ്ങിൽ (Mud puddling) ഏർപ്പെടുന്നതുമായ കാഴ്ച ആകർഷകമാണ്. ഡനൈഡേ ശലഭങ്ങളായ നീലക്കടുവ, കരിനീലക്കടുവ, അരളിശലഭം, പാൽവള്ളി തുടങ്ങിയവയുടെ ദേശാടനസാന്നിധ്യവും വന്യജീവിസങ്കേതത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന 40-ൽപരം എൻഡെമിക് ചിത്രശലഭങ്ങളിൽ 27 എണ്ണവും ആറളത്ത് നിരീക്ഷിച്ചിട്ടുണ്ട്. കേരളത്തിൽ രേഖപ്പെടുത്തിയ 327 ഇനം ചിത്രശലഭങ്ങളിൽ 266 എണ്ണം ആറളം വന്യജീവിസങ്കേതത്തിൽ കണ്ടെത്തിയിട്ടുണ്ട്.
