കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായി കൊണ്ടിരിക്കുന്ന തെരുവുനായശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.പി ചന്ദ്രഭാനു പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി. കഴിഞ്ഞദിവസം ചേലേരി വൈദ്യർകണ്ടിയിലുണ്ടായ തെരുവുനായയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റ സംഭവത്തിലാണ് നിവേദനം നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി.വി, സെക്രട്ടറി എൻ.ആന്റണി എന്നിവർ ചേർന്ന് നിവേദനം ഏറ്റുവാങ്ങി. വാർഡ് മെമ്പർ ഗീത പങ്കെടുത്തു.
മുൻപും നിരവധി തവണ നിരവധി പേർക്ക് കൊളച്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും തെരുവ് നായകളുടെ കടിയേറ്റ് പരിക്കേറ്റിരുന്നു. നായകളെ ഭയന്ന് പലരും വീടിന് പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന അവസ്ഥയിലാണ്. പൊതുജനങ്ങൾക്ക് ഭീഷണിയായി തുടരുന്ന തെരുവുനായ ശല്യത്തിനെതിരെ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നും പരിക്കേറ്റവർക്ക് അടിയന്തരമായി ആശ്വാസ സഹായങ്ങൾ നൽകാനുള്ള നടപടി ഉണ്ടാകണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
