തിരുവനന്തപുരം :- സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി 19 ലക്ഷത്തിലേറെ ഹിയറിങ് നോട്ടീസുകൾ തയാറായതിൽ വിതരണം ചെയ്‌തത് 10 ലക്ഷത്തിലേറെ. നേരത്തേ എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു നൽകിയവരിൽ, 2002 ലെ പട്ടികയുമായി കൂട്ടിയിണക്കാവുന്ന കുടുംബവിവരങ്ങൾ പൂരിപ്പിച്ചതിൽ അപാകതയുള്ളവർക്കാണ് നോട്ടിസ് നൽകുന്നത്. ഒരാഴ്ച മുൻപ് ആരംഭിച്ച ഹിയറിങ് നടപടികളിൽ സംസ്ഥാനത്താകെ ഇതുവരെ 1.90 ലക്ഷം പേരാണു പങ്കെടുത്തത്. ഫെബ്രുവരി പകുതി വരെ ഹിയറിങ് തുടരും.
ബൂത്ത് ലവൽ ഓഫിസർമാർ (ബിഎൽഒ) വീട്ടിലെത്തിയാണു നോട്ടിസ് നൽകേണ്ടത്. എന്നാൽ, എസ്ഐആർ കരടു പട്ടിക പുറത്തിറങ്ങിയപ്പോഴേക്കും ഒട്ടേറെ പുതിയ ബൂത്തുകൾ സൃഷ്ടിച്ചു. അതിനാൽ എന്യൂമറേഷൻ ഫോം വിതരണം ചെയ്ത് ബിഎൽഒമാർക്കു പകരം ഈ ബൂത്തുകളിൽ പുതുതായി ആളെ നിയമിച്ചു. ഇവർക്ക് ആളെ കണ്ടെത്തി നോട്ടിസ് നൽകാൻ പ്രയാസം നേരിടുന്നു.
നോട്ടിസിന്റെ അസ്സൽ സ്വീകരിച്ചയാൾ ഒപ്പിട്ടു ബിഎൽഒയ്ക്ക് തിരികെ നൽകുമ്പോൾ പകർപ്പ് സൂക്ഷിക്കാനായി കൈമാറും. നോട്ടിസിൽ പേരുള്ളയാൾ വീട്ടിലില്ലെ ങ്കിൽ കുടുംബാംഗങ്ങൾക്കു പകർപ്പ് സ്വീകരിച്ച് അസ്സലിൽ ഒപ്പിട്ടു നൽകാം. നോട്ടിസ് സ്വീകരിച്ചയാളുടെ ഫോട്ടോ ലൈവായി എടുത്ത ശേഷം ഒപ്പിട്ട നോട്ടിസും ചേർത്ത് ബിഎൽഒയുടെ ആപ്പിൽ അപ്ലോഡ് ചെയ്യും. നോട്ടിസ് ലഭിച്ചവർ കൃത്യമായി രേഖകൾ ബിഎൽഒയ്ക്ക് കൈമാറിയാലോ, eci.gov.in ൽ അപ്ലോഡ് ചെയ്‌താലോ ഹിയറിങ് ഒഴിവാക്കാൻ ഇആർഒമാർക്കു കഴിയും.
