നാറാത്ത് :- സഹപ്രവർത്തകയുടെ മകൾ നിയമബിരുദം പൂർത്തിയാക്കി കേരള ഹൈക്കോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്ത സന്തോഷം ആഘോഷിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ. നാറാത്ത് മിനി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന കല്ലേൻ ചന്ദ്രന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ സുലോചനയുടെയും മകൾ സരസ്വതിയുടെ നേട്ടമാണ് കേക്ക് മുറിച്ച് നാറാത്ത് നാലാം വാർഡിലെ തൊഴിലുറപ്പുകാർ ആഘോഷമാക്കിയത്.
മകളുടെ വിജയത്തിനായി കഠിനാധ്വാനം ചെയ്‌ത മാതാപിതാക്കൾക്കുള്ള ആദരം കൂടിയായിരുന്നു സഹപ്രവർത്തകരുടെ ആഘോഷം. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സുധീഷ്, മുൻ പഞ്ചായത്ത് അംഗം കെ.പി നിഷ, തൊഴിലുറപ്പ് മേറ്റ് സജിന തുടങ്ങിയവർ ആഘോഷങ്ങളിൽ പങ്കുചേർന്നു.

