കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം സുഖയാത്ര ; അമൃത് ഭാരത് എക്സ്പ്രസിന് കണ്ണൂരിൽ സ്വീകരണം നൽകി


കണ്ണൂർ :- അമൃത് ഭാരത് എക്സ്പ്രസ് വെള്ളിയാഴ്ച മുതൽ ഓടിത്തുടങ്ങി. സ്ഥിരം സർവീസ് ഉടൻ തുടങ്ങും. ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം സുഖയാത്ര ചെയ്യാം. ശീതീകരിക്കാത്ത 22 കോച്ചുള്ള വണ്ടിയിൽ ജനറൽ സിറ്റിങ്ങും സ്ലീപ്പർ കോച്ചുമാണ് ഉള്ളത്. ജനറൽ സിറ്റിങ് നിരക്കിൽ ഏറ്റവും ചുരുങ്ങിയ ദൂരം 50 കിലോമീറ്ററാണ്. 35 രൂപയാണ് നിരക്ക്. സ്ലീപ്പർ ടിക്കറ്റിൽ 200 കിലോമീറ്ററാണ് ചുരുങ്ങിയ ദൂരം. 165 രൂപയാണ് നിരക്ക്. എക്സ്‌പ്രസ് വണ്ടികളിലെ സ്ലീപ്പറിന് 150 രൂപയാണ് (200 കിമീ) കുറഞ്ഞ നിരക്ക്. ഇന്ത്യയിൽ ഓടുന്ന ചില അമൃത് ഭാരത് വണ്ടികൾ സൂപ്പർഫാസ്റ്റുകളാണ്. ഇവയുടെ ടിക്കറ്റ് നിരക്കിൽ സൂപ്പർഫാസ്റ്റ് ചാർജും കൂടും. അമൃത് ഭാരത് സ്ലീപ്പറിൽ 300 കിലോമീറ്ററിന് 230 രൂപ (എക്സ്പ്രസ് നിരക്ക്-215 രൂപ). 400 കിലോമീറ്ററിൽ 280 രൂപ (എക്‌സ്പ്രസ് നിരക്ക്-260 രൂപ). 500 കിലോമീറ്ററിന് 335 രൂപ (എക്സ്പ്രസ് നിരക്ക്-310 രൂപ).

രാത്രി/പകൽ വണ്ടിയായി ഓടുന്ന നാഗർ കോവിൽ-മംഗളൂരു ജങ്ഷൻ വണ്ടിയുടെ (16329/16330) സമയക്രമത്തിൽ പ്രതിഷേധം. 17 മണിക്കൂറാണ് ഇത് ഓടാനെടുക്കുന്ന സമയം. ചൊവ്വാഴ്ചകളിൽ രാവിലെ 11.40-ന് നാഗർ കോവിലിൽ നിന്ന് പുറപ്പെടുന്ന വണ്ടി 20 സ്റ്റോപ്പുകളിൽ നിർത്തും. ബുധനാഴ്ച പുലർച്ചെ അഞ്ചിന് മംഗളൂരു വിൽ എത്തും. 50 സ്റ്റോപ്പുകളിലധികം ഉള്ള പരശുറാം ഇതേ സമയമാണ് എടുക്കുന്നത്. മലബാറുകാർക്ക് കണ്ണൂരിനും മംഗളുരൂവിനും ഇടയിൽ (132 കിമീ) ഒരു സ്റ്റോപ്പ് മാത്രം അനുവദിച്ചതും തിരിച്ചടിയായി. കണ്ണൂരിൽ നിന്ന് 86 കിമീ ദൂരമുള്ള കാസർകോട്ട് മാത്രമാണ് സ്റ്റോപ്പ്. മംഗളൂരുവിൽ നിന്ന് ബുധനാഴ്ചകളിൽ രാവിലെ എട്ടിന് തിരിച്ച് പുറപ്പെടും. രാത്രി 10.05-ന് നാഗർകോവിലിൽ എത്തും. എന്നാൽ ഓട്ടത്തിന് എടുക്കുന്നത് 14 മണിക്കൂർ മാത്രമാണ്. നാഗർകോവിൽ-മംഗളൂരു റൂട്ടിലാണ് അമൃത് ഭാരത് എക്സ്പ്രസ് ഓടുക,

അമൃത് ഭാരത് എക്സ്പ്രസിന് കണ്ണൂരിൽ വരവേൽപ്പ് നൽകി. രാത്രി 10-ന് കണ്ണൂരിലെത്തിയ വണ്ടിക്ക് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴസ് കോഡിനേഷൻ കമ്മിറ്റി (എൻഎംആർപിസി) സ്വീകരണം നല്ലി. ലോക്കോ പൈലറ്റുമാർക്ക് മാല അണിയിച്ചു. യാത്രക്കാർക്ക് മധുരപലഹാരം നൽകി. കണ്ണൂർ സ്റ്റേഷൻ മാനേജർ എസ്.സജിത്ത്കുമാർ, ചെന്നൈ സോൺ റെയിൽവേ യൂസേഴ്‌സ് കൺസൾട്ടേറ്റീവ് അംഗം റഷീദ് കവ്വായി, എൻഎംആർപിസി ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ, ആർട്ടിസ്റ്റ് ശശികല, റെയിൽവേ കൺസൾ ട്ടേറ്റീവ് അംഗം പി.വിജിത്ത്കുമാർ, രാജു ചാൾസ്, അഹമ്മദ് അഷ്റഫ് പാറക്കണ്ടി, ഗഫൂർ കാവിൻമൂല, പി.അഷ്റഫ്, കെ.മോഹനൻ, പി.കെ വത്സരാജ്, സൗമി ഇസബൽ തുടങ്ങിയവ നേതൃത്വംനൽകി. 

Previous Post Next Post