കണ്ണൂർ :- കണ്ണൂർ നഗരത്തിലും തോട്ടട ചാല പന്ത്രണ്ടുകണ്ടി മേഖലകളിലും എംഡിഎംഎ ഉൾപ്പടെയുള്ള മയക്കുമരുന്ന് എത്തിക്കുന്നയാളെ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് ആറാംകോട്ടത്തെ എം.പി സ്വരൂപ് (38) ആണ് പിടിയിലായത്. ആറ്റടപ്പയിൽ 141 ഗ്രാം എംഡിഎംഎയും 22 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടിയ കേസിലാണ് ഇയാളുടെ അറസ്റ്റ്. തലശ്ശേരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പന്ത്രണ്ടുകണ്ടി പരിസരത്ത് മയക്കുമരുന്ന് വില്പനക്കാരന് ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ സ്വരൂപ് എന്ന് പോലീസ് പറഞ്ഞു. ഇപ്പോൾ പാലക്കാട് വെള്ളിനേഴി തിരുനാരായണപുരത്താണ് താമസം.
2008-ൽ അഴിക്കോട്ട് സിപിഎം പ്രവർത്തകനായ ധനേഷ് വധിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് സ്വരൂപ്. പാലക്കാട്ട് ഒളിവിൽ താമസിക്കുകയായിരുന്നു. തലശ്ശേരിയിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എടക്കാട് പ്രിൻസിപ്പൽ എസ്ഐ എൻ.ദിജേഷ്, നിപിൻ, സുജിൻ അണ്ടലൂർ, നിധിൻ കീഴത്തൂർ, അഖിൽകുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്. ബെംഗളൂരുവിലും മറ്റും എടക്കാട് പോലീസ് സംഘം നാലുമാസത്തിലധികം നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. 18 മുതൽ 25 വയസ്സ് വരെ പ്രായമുള്ള ഒട്ടേറെ യുവാക്കളെ മയക്കുമരുന്ന് വിൽപ്പനയുടെ കണ്ണികളാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
യുവാക്കളെ കണ്ടെത്തുന്നതിനായി പ്രതിയുടെ നേതൃത്വത്തിൽ ടെലഗ്രാം ഗ്രൂപ്പുകളും ഉള്ളതായി പോലീസ് പറഞ്ഞു. കേസിൽപ്പെട്ട മറ്റുള്ളവരെ കണ്ടെത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ഇൻസ്പെക്ടർ അറിയിച്ചു. കോടതി റിമാൻഡ് ചെയ്ത ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു. ചാല പന്ത്രണ്ടുകണ്ടിയിലും പരിസരങ്ങളിലും പോലീസ് പരിശോധന നടത്തി. ക്വട്ടേഷൻ അടക്കമുള്ള നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് സ്വരൂപെന്ന് ഇൻസ്പെക്ടർ കെ.വി ഉമേശൻ പറഞ്ഞു. സാമൂഹികമാധ്യമങ്ങളിൽ കൂടിയും ഉത്സവം മറ്റു ആഘോഷപരിപാടികളിൽ കൂടിയും ഡിജെ പരിപാടിയോടനുബന്ധിച്ച് ഇൻസ്റ്റഗ്രാം പേജുകൾ ഉണ്ടാക്കിയും ആണ് പ്രധാനമായും മയക്കുമരുന്ന് വിൽപ്പന നടത്തുന്നത്.
ചെറുപ്പക്കാരായ യുവാക്കളെ പരിചയപ്പെടുകയും അവർക്ക് വാഹനം വാടകയ്ക്ക് എടുത്തു കൊടുക്കുകയും ബെംഗളൂരുവിലേക്ക് ട്രിപ്പ് വാഗ്ദാനം ചെയ്യുകയും ചെയ്യും. തുടർന്ന് അവരോടൊപ്പം ബെംഗളൂരുവിൽ കറങ്ങാൻ പോവുകയും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യും തുടർന്ന് ബെംഗളൂരുവിൽ നിന്നും മയക്കുമരുന്ന് സംഘടിപ്പിച്ച് അതേ വാഹനത്തിൽ കയറ്റി വിടുകയാണ് പതിവെന്നും പോലീസ് പറഞ്ഞു.
